ജയ്പുർ: രാജസ്ഥാനിൽ മന്ത്രി ഹീരാലാൽ നഗറിനെ ആദരിക്കാനായി നിർമിച്ച വേദി തകർന്നു നാല് ബിജെപി പ്രവർത്തകർക്കു പരിക്കേറ്റു. മന്ത്രിസ്ഥാനം ലഭിച്ചതിനുശേഷം ആദ്യമായി തന്റെ മണ്ഡലത്തിൽ എത്തിയതായിരുന്നു ഹീരാലാൽ.
സൻഗോഡ് ഗായത്രി സർക്കിളിലാണ് വേദി ഒരുക്കിയിരുന്നത്. പതിനഞ്ചുപേരെ ഉൾക്കൊള്ളാൻ കഴിയുന്ന വേദിയിലേക്കു 40 ഓളം പേർ കയറിയതായി പറയുന്നു. മന്ത്രിയെ ഹാരമണിയിക്കുന്നതിനിടെ വേദി തകർന്നു മന്ത്രിയും പാർട്ടി പ്രവർത്തകരും താഴെ വീണു.
സംഭവത്തിനു പിന്നാലെ പരിപാടി റദ്ദാക്കി. ജയ്വീർ സിംഗ്, മഹേന്ദ്ര ശർമ, മനോജ് ശർമ, ചന്ദ്ര പ്രകാശ് സോണി എന്നിവർക്കാണു പരിക്കേറ്റത്. വീഴ്ചയിൽ തനിക്കു വലിയ പരിക്കുകളില്ലെന്നും പേശീവേദനയുണ്ടെന്നും മന്ത്രി പറഞ്ഞു.