ജയ്പുർ: ട്വന്റി 20 ക്രിക്കറ്റിന്റെ ആവേശം അവസാനംവരെ നിറഞ്ഞ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരേ രാജസ്ഥാൻ റോയൽസിനു വിജയം. മുംബൈ ഉയർത്തിയ 168 റണ്‍സ് ലക്ഷ്യം രണ്ടു പന്തുകൾ ബാക്കിനിൽക്കെ ഏഴു വിക്കറ്റ് നഷ്ടത്തിൽ രാജസ്ഥാൻ മറികടന്നു.
അവസാന ഓവറിൽ ജയിക്കാൻ ആവശ്യമായിരുന്ന 10 റണ്‍സ്, സിക്സറും ബൗണ്ടറിയും പായിച്ചു നേടി കൃഷ്ണപ്പ ഗൗതമാണ് രാജസ്ഥാനെ വിജയത്തിലേക്കു നയിച്ചത്. 11 പന്തിൽനിന്നു 33 റണ്‍സ് നേടി ഗൗതം പുറത്താകാതെനിന്നു. മലയാളി താരം സഞ്ജു സാംസണ്(52), ബെൻ സ്റ്റോക്സ്(40) എന്നിവരും രാജസ്ഥാൻ നിരയിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. 39 പന്തിൽനിന്നു നാലു ബൗണ്ടറികളുടെ മാത്രം അകന്പടിയോടെയായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്സ്.
ഒരുഘട്ടത്തിൽ 125/3 എന്ന ശക്തമായ നിലയിലായിരുന്നെങ്കിലും തുടർച്ചയായി മൂന്നു വിക്കറ്റുകൾ നഷ്ടപ്പെട്ടതാണു റോയൽസിനെ പ്രതിസന്ധിയിലാക്കിയത്. എന്നാൽ അവസാന ഓവറുകളിൽ രക്ഷകനായി ഗൗതം അവതരിക്കുകയായിരുന്നു. നാലു ബൗണ്ടറിയും മൂന്നു സിക്സറും ഗൗതം പായിച്ചു. മുംബൈക്കെതിരായ ഇന്നിംഗ്സോടെ വിരാട് കോഹ്ലിയിൽനിന്ന് ഏളറ്റവും മികച്ച റണ്‍വേട്ടക്കാരനുള്ള ഓറഞ്ച് ക്യാപ് വീണ്ടെടുക്കാനും സഞ്ജുവിനു കഴിഞ്ഞു.
മുംബൈക്കായി ഹാർദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ എന്നിവർ രണ്ടും കൃണാൽ പാണ്ഡ്യ, മക്ഗ്ലീഗൻ, മുസ്താഫിസുർ റഹ്മാൻ എന്നിവർ ഓരോ വിക്കറ്റും നേടി.
നേരത്തെ, മികച്ച തുടക്കം കളഞ്ഞുകുളിച്ചതാണു മുംബൈ ഇന്ത്യൻസിനെ കൂറ്റൻ സ്കോർ നേടുന്നതിൽനിന്നു തടഞ്ഞത്. 129 റണ്‍സിന്റെ രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് സൃഷ്ടിച്ചശേഷം മുംബൈ 167 റണ്‍സിലൊതുങ്ങി. സൂര്യകുമാർ യാദവ്(72), ഇഷാൻ കിഷൻ(58) എന്നിവർ മാത്രമാണു മുംബൈക്കായി തിളങ്ങിയത്.
ടോസ് നേടിയ ബാറ്റിംഗ് തെരഞ്ഞെടുത്ത മുംബൈ ഇന്ത്യൻസ് നായകൻ രോഹിത് ശർമയ്ക്ക് നാലാം പന്തിൽ തിരിച്ചടിയേറ്റു. എവിൻ ലൂയിസ് അക്കൗണ്ട് തുറക്കുംമുന്‍പ് പുറത്ത്. ഇതിനുശേഷം ഒത്തുചേർന്ന സൂര്യകുമാർ യാദവും ഇഷാൻ കിഷനും സ്കോർ 130ൽ ആണു പിരിയുന്നത്. സൂര്യകുമാർ 47 പന്തിൽനിന്ന് ആറു ബൗണ്ടറിയും മൂന്നു സിക്സറും ഉൾപ്പെടെ 72 റണ്‍സ് നേടിയപ്പോൾ ഇഷാൻ 42 പന്തിൽനിന്നാണ് 58 റണ്‍സ് അടിച്ചത്.
തുടർന്നെത്തിയവരിൽ കീറോണ്‍ പൊള്ളാർഡിനൊഴികെ (20 പന്തിൽ 21) മറ്റാർക്കും രണ്ടക്കം കടക്കാൻ കഴിഞ്ഞില്ല. ഇതോടെ 14 ഓവറിൽ 130/1 എന്ന നിലയിൽനിന്ന് 20 ഓവറിൽ 167/7 എന്ന നിലയിലേക്കു മുംബൈ തകരുകയായിരുന്നു. രാജസ്ഥാനായി ജോഫ്രി ആർച്ചർ 22 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് നേടി. ധവാൽ കുൽക്കർണി രണ്ടും ജയദേവ് ഉനാദ്ഘട് ഒന്നും വിക്കറ്റ് സ്വന്തമാക്കി.