ഓണ്ലൈന് ടാസ്ക്ക് പൂര്ത്തീകരിക്കുന്നതിലൂടെ ദിനംപ്രതി 10000 രൂപ വാഗ്ദാനം ചെയ്ത് വീട്ടമ്മയില് നിന്ന് 17.18 ലക്ഷം രൂപ തട്ടിയ കേസിലെ പ്രതി അറസ്റ്റില്.
രാജസ്ഥാനിലെ ജോധ്പുര് നാഗര്നിഗം സ്വദേശിയായ കുശാല് മര്മത്തിനെ(32) ആണ് അറസ്റ്റിലായത്. തൃശൂര് സൈബര് ക്രൈം പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ബാങ്ക് അക്കൌണ്ട് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവില് മൊബൈല്ഫോണ് നമ്പര് കണ്ടെത്തുകയും ടവര് ലൊക്കേഷന് അടിസ്ഥാനമാക്കി നടത്തിയ പരിശോധനയില് പ്രതിയെ പിടികൂടുകയുമായിരുന്നു.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ, തൃശൂര് സ്വദേശിയായ സ്ത്രീയ്ക്ക് വാട്സാപ്പിലൂടെ മെസേജ് അയച്ചാണ് ദിവസം 10000 രൂപ സമ്പാദിക്കാനാകുന്ന ഓണ്ലൈന് ടാസ്ക്കിനെ കുറിച്ച് വിവരം നല്കിയത്.
ഓണ്ലൈനായി ചെയ്യുന്ന ജോലിക്ക് മണിക്കൂര് അടിസ്ഥാനത്തില് 10000 രൂപ വരെ വരുമാനം ലഭിക്കുമെന്നാണ് ഇയാള് വിശ്വസിപ്പിച്ചത്. തുടര്ന്ന് ഇയാള് പറഞ്ഞത് അനുസരിച്ച് പല തവണയായി 1718600 രൂപ വീട്ടമ്മ നല്കി.
പിന്നീട് താന് വഞ്ചിക്കപ്പെടുകയാണെന്ന് മനസിലാക്കിയതോടെയാണ് വീട്ടമ്മ പൊലീസില് പരാതി നല്കിയത്.
രണ്ടരമാസം മുമ്പാണ് വീട്ടമ്മയുടെ പരാതിയില് പോലീസ് കേസെടുത്തത്. കമ്മീഷണര് മുന്കൈയെടുത്ത് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു.
തുടര്ന്ന് നടത്തിയ പരിശോധനയിലാണ് രാജസ്ഥാനില്നിന്നുള്ളയാളാണ് തട്ടിപ്പ് നടത്തിയതെന്ന് വ്യക്തമായത്.
തുടര്ന്ന് പോലീസ് സംഘം ജോധ്പുരിലെത്തി പ്രതിയെ കണ്ടെത്തുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.
രാജസ്ഥാന് പോലീസിന്റെ സഹായത്തോടെയാണ് അറസ്റ്റ്. പ്രതിയില്നിന്ന് രണ്ട് മൊബൈല്ഫോണ്, നാല് എടിഎം കാര്ഡ്, രണ്ട് ക്രെഡിറ്റ് കാര്ഡ്, രണ്ട് ആധാര് കാര്ഡ്, ഒരു പാന് കാര്ഡ്, തുക എഴുതാത്ത 11 ചെക്കുകള് മൂന്ന് സീലുകള് എന്നിവയും പിടിച്ചെടുത്തു. തൃശൂരിലെ കോടതിയില് ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്ഡ് ചെയ്തു.