ഒട്ടുമിക്ക മാതാപിതാക്കളെയും വിഷമിപ്പിക്കുന്ന കാര്യമാണ് തങ്ങള്‍ക്ക് ജനിക്കുന്ന കുട്ടികള്‍ക്ക് എന്ത് പേരിടണമെന്നത്. എന്നാല്‍ രാജസ്ഥാനിലെ ബൂംദി ജില്ലയിലെ ആളുകള്‍ ഇതുസംബന്ധിച്ച് അധികം തലപുകയ്ക്കാറില്ല. കാരണം വളരെ രസകരമായി കുട്ടികള്‍ക്ക് പേരിടാന്‍ ബഹുമിടുക്കരാണ് ഈ നാട്ടുകാര്‍. വായില്‍ വരുന്നതാണ് തങ്ങളുടെ കുട്ടികളെ ഇവര്‍ വിളിക്കുന്നത്. ബൂംദിയില്‍ റാം നഗര്‍ ഗ്രാമത്തില്‍ കാഞ്ഞാര്‍ സമുദായത്തില്‍ പെട്ട 500 ആളുകള്‍ മാത്രമാണ് ഈ പ്രദേശത്ത് കഴിയുന്നത്. ഇവിടുത്തെ ആളുകള്‍ക്ക് എല്ലാം ഇയര്‍ന്ന റാങ്കില്‍ ഉള്ള പദവികളുടെയോ, ബ്രാന്‍ഡുകളുടെയോ പേരുകളാണ്. അതിലും വിചിത്രമായത് ഗ്രാമത്തിലെ ആളുകള്‍ നിരക്ഷരരാണ് എന്ന വസ്തുതയാണ്. ഇവരില്‍ പലരും സ്‌കൂളുകള്‍ കണ്ടിട്ട് പോലുമില്ലാത്തവരാണ്.
ഈ ഗ്രാമത്തില്‍ ചെല്ലുമ്പോള്‍ രാഷ്ട്രപതി ആടുകളെ മേയിക്കാന്‍ പോയിരിക്കുകയാണ്, പ്രധാനമന്ത്രി ചന്തയില്‍ പോയിരിക്കുകയാണ് ഇങ്ങനെയൊക്കെ ആരെങ്കിലും പറയുന്നത് കേട്ടാല്‍ അത്ഭുതപ്പെടാനില്ല. കാരണം, ഇതൊക്കെയാണ് ഈ നാട്ടുകാര്‍ തങ്ങളുടെ മക്കള്‍ക്കിട്ടിരിക്കുന്ന പേര്. തീര്‍ന്നില്ല, മരുന്ന് വാങ്ങാന്‍ കുട്ടികളെയുമായി ഡോക്ടറുടെ മുന്നില്‍ എത്തിയ സ്ത്രീയുടെ മറുപടിയില്‍ ഡോക്ടര്‍ പകച്ചിരുന്നു. സാംസങ്ങിനു പനിയാണ് ആന്‍ഡ്രോയിഡിന് തളര്‍ച്ചയും. പ്രദേശത്ത് ഉള്ളവരുടെ പേരുകളാണ് പറഞ്ഞു വന്നത്. രാഷ്ട്രപതി, പ്രധാനമന്ത്രി, സാംസങ്, ആന്‍ഡ്രോയിഡ് എന്നിവ മാത്രമല്ല വിചിത്രമായ പേരുകള്‍. സിം കാര്‍ഡ്, ചിപ്പ്, ജിയോണി, മിസ്ഡ് കോള്‍, ഹൈക്കോടതി ഇങ്ങനെ നീളുന്നു ആളുകളുടെ പേരുകള്‍. സ്‌കൂളിന്റെ പടി പോലും ചവിട്ടാത്ത അമ്പതു വയസുകാരനാണ് ഇവിടുത്തെ കളക്ടര്‍.
ഈ ഗ്രാമത്തിലെ ഭൂരിപക്ഷം പേരും മോഷണം ഉള്‍പ്പെടെ അനധികൃത പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരാണ്. അതിനാല്‍ തന്നെ പോലീസ് സ്റ്റേഷനും കോടതിയും മാത്രമാണ് സുപരിചിതം. അതിനാല്‍ ഭുരിപക്ഷം കുട്ടികളും ഈ പേരുകളില്‍ വന്നെത്തുന്നു. ഐജി, എസ്പി, മജിസ്ട്രേറ്റ് എന്നീ പേരുകള്‍ സാധാരണമാണെന്ന് ഗ്രാമത്തിലെ സ്‌കൂള്‍ അധ്യാപിക പറയുന്നു. ഇന്ദിരാഗാന്ധിയോട് കടുത്ത ആരാധനുള്ള ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ തന്റെ കുടുംബാംഗങ്ങള്‍ക്കിട്ട പേരുകള്‍ സോണിയ, രാഹുല്‍, പ്രിയങ്ക, എന്നിങ്ങനെയാണ്. മുത്തച്ഛനു ഹൈക്കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ച സമയത്ത് ജനിച്ചതിനാല്‍ ഒരാള്‍ക്ക് ‘ഹൈക്കോര്‍ട്ട്’ എന്ന പേരു ലഭിച്ചു. ഇത്തരം പേരുകള്‍ പരിചിതമായതോടെ ആളുകളുടെ വിചിത്രമായ പേര് കേട്ട് ആരും പരസ്പരം അത്ഭുതപ്പെടാറില്ലെന്നും നാട്ടുകാര്‍ പറയുന്നു.