നിയാസ് മുസ്തഫ
രാജസ്ഥാനിൽ നേതൃമാറ്റം ഉണ്ടാകില്ല, പക്ഷേ, മന്ത്രിസഭയിൽ അഴിച്ചുപണിയുണ്ടാവും. മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് അശോക് ഗെഹ്ലോട്ടിനെ മാറ്റി തനിക്ക് അവസരം നൽകണമെന്ന് സംസ്ഥാനത്തെ പ്രധാന കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ് കാലങ്ങളായി ഹൈക്കമാൻഡിനോട് ആവശ്യപ്പെടുന്നതാണ്.
എന്നാൽ എംഎൽഎമാരിൽ ഭൂരിപക്ഷം പേരും ഗെഹ്ലോട്ടിനെ പിന്തുണയ്ക്കുന്നതിനാൽ പഞ്ചാബിലേതുപോലെ മുഖ്യമന്ത്രിയെ മാറ്റാൻ ഹൈക്കമാൻഡ് മുതിരില്ല. പകരം സച്ചിൻ പൈലറ്റിനെ അനുകൂലിക്കുന്ന എംഎൽഎമാരെ മന്ത്രിസഭയിൾ ഉൾപ്പെടുത്തി സച്ചിനെ കൂടെ നിർത്താനാണ് ഹൈക്കമാൻഡ് ആലോചിക്കുന്നത്.
ഇതോടൊപ്പം രാജസ്ഥാൻ പ്രദേശ് കോൺഗ്രസ് കമ്മറ്റിയുടെ അധ്യക്ഷ സ്ഥാനത്തേക്ക് സച്ചിന് വീണ്ടും കടന്നുവരാനുള്ള സാധ്യതയും ഹൈക്കമാൻഡ് ഒരുക്കുന്നുണ്ട്.
പക്ഷേ ഈ മാറ്റങ്ങളെല്ലാം വരാനിരിക്കുന്ന അഞ്ചു നിയമസഭ തെരഞ്ഞെടുപ്പുകൾക്ക് ശേഷമായിരിക്കും സംഭവിക്കുകയെന്നാണ് ഏറ്റവും പുതിയ വിവരം.
കഴിഞ്ഞയാഴ്ച പഞ്ചാബിൽ നേതൃത്വ പുനഃസംഘടന നടക്കുമ്പോൾ മുൻ രാജസ്ഥാൻ ഉപമുഖ്യമന്ത്രി കൂടിയായ സച്ചിൻ പൈലറ്റ് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
സംസ്ഥാനത്തെ രാഷ്ട്രീയ സ്ഥിതിഗതികൾക്കൊപ്പം അശോക് ഗെഹ്ലോട്ട് സർക്കാരിന്റെ പുനഃസംഘടനയും ചർച്ച ആയി.
വലിയ തോതിൽ മന്ത്രിസഭാ അഴിച്ചുപണി രാജസ്ഥാനിൽ നടക്കില്ലെങ്കിലും സച്ചിൻ പൈലറ്റിനെ അനുകൂലിക്കുന്ന എംഎൽഎമാരിൽ ചിലരെ മന്ത്രിസഭയിൽ ഉൾപ്പെടുത്താമെന്ന ഉറപ്പ് രാഹുൽഗാന്ധി സച്ചിന് നൽകിയെന്നാണ് സൂചന.
രാജസ്ഥാന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി അജയ് മാക്കൻ പുനഃസംഘടനയുമായി ബന്ധപ്പെട്ട് എംഎൽഎമാരുടെ അഭിപ്രായങ്ങൾ കേട്ടിരുന്നു.
സംസ്ഥാനത്തെ വിവിധ ബോർഡുകളിലേക്കും കോർപ്പറേഷനുകളിലേക്കുമുള്ള രാഷ്ട്രീയ നിയമനങ്ങളിൽ പൈലറ്റ് അനുകൂലികൾക്ക് ഇടം നൽകാനും ധാരണയായിട്ടുണ്ട്.
അഞ്ചു നിയമസഭാ തെരഞ്ഞെടുപ്പുകൾ ഉടൻ വരുന്നതിനാൽ രാജസ്ഥാൻ പ്രശ്നം പരിഹരിച്ച് സച്ചിൻ പൈലറ്റിനെ കൂടെക്കൂട്ടി മറ്റു സംസ്ഥാനങ്ങളുടെ തെരഞ്ഞെടുപ്പ് ചുമതല നൽകാനും ഹൈക്കമാൻഡ് ആലോചിക്കുന്നുണ്ട്.
മുന്പും അശോക് ഗെഹ്ലോട്ടിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റണമെന്ന ആവശ്യവുമായി സച്ചിൻ ശക്തമായി രംഗത്തുവന്നിരുന്നു.
അന്ന് തന്നെ അനുകൂലിക്കുന്ന എംഎൽഎമാരെയുമായി മാറിനിന്ന് സമ്മർദതന്ത്രം പയറ്റുകയും ചെയ്തിരുന്നു.
പിന്നീട് എംഎൽഎമാരിൽ ഭൂരിപക്ഷവും അശോക് ഗെഹ്ലോട്ടിന്റെ കൂടെയാണെന്ന് മനസിലാക്കിയതോടെ ആ സമ്മർദതന്ത്രം സച്ചിൻ ഉപേക്ഷിക്കുകയും സർക്കാരിനോടൊപ്പം ചേർന്നുനിൽക്കുകയും ചെയ്തു വരികയാണ്.
പൈലറ്റിന്റെ കഠിനാധ്വാനം മൂലമാണ് കോൺഗ്രസ് രാജസ്ഥാനിൽ സർക്കാർ രൂപീകരിച്ചതെന്നും അദ്ദേഹത്തിന് മുഖ്യമന്ത്രിയാകാൻ അവസരം നൽകണമെന്നും മുൻ പിസിസി ജനറൽ സെക്രട്ടറി മഹേഷ് ശർമ ആവശ്യപ്പെട്ടിട്ടുണ്ട്. ശർമ്മ പൈലറ്റിന്റെ വിശ്വസ്തനാണ്.
സച്ചിൻ പൈലറ്റ് 2020 ജൂലൈ വരെ ഉപമുഖ്യമന്ത്രിയും രാജസ്ഥാൻ കോൺഗ്രസ് പ്രസിഡന്റുമായിരുന്നെങ്കിലും മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടുമായി കൊന്പുകോർത്തതിനുശേഷം ഈ രണ്ട് സ്ഥാനങ്ങളും നഷ്ടപ്പെട്ടു.