ജയ്പൂർ: മധ്യപ്രദേശിന് പിന്നാലേ രാജസ്ഥാന് സര്‍ക്കാരിനെയും ബിജെപി അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണവുമായി കോണ്‍ഗ്രസ്.
എംഎല്‍എമാരെ ബിജെപി അടര്ത്തിയെടുത്തേക്കാമെന്ന സൂചനയെ തുടര്‍ന്ന് എല്ലാവരെയും റിസോര്‍ട്ടിലേക്ക് മാറ്റിയിരിക്കുകയാണ് പാര്‍ട്ടി. ഡല്‍ഹി- ജയ്പുര്‍ ഹൈവേയ്ക്ക് സമീപത്തുള്ള ശിവ വിലാസ് എന്ന റിസോര്‍ട്ടിലാണ് എംഎല്‍എമാരെ താമസിപ്പിച്ചിരിക്കുന്നത്.
25 കോടിരൂപയാണ് എംഎൽഎമാർക്ക് ബിജെപി വാഗ്ദാനം ചെയ്തിരിക്കുന്നതെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് ആരോപിച്ചു. റിസോർട്ടിൽ അശോക് ഗെലോട്ട് നേരിട്ടെത്തി എംഎൽഎമാരെ എല്ലാവരെയും കണ്ടു.
റിസോർട്ടിൽ അടിയന്തരയോഗം ചേരുകയും ചെയ്തു. ജൂൺ 19-നാണ് സംസ്ഥാനത്ത് നിന്നുള്ള മൂന്ന് രാജ്യസഭാ സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്.
രാജ്യസഭാ തെരഞ്ഞെടുപ്പിന്റെഭാഗമായി ഗുജറാത്തിലെ പാര്‍ട്ടി എംഎല്‍എ മാരെ കോണ്‍ഗ്രസ് രാജസ്ഥാനിലെത്തിച്ചിരുന്നു. ഗുജറാത്തില്‍ നിന്ന് എംഎല്‍എമാര്‍ ബിജെപിക്ക് സഹായകരമാകുന്ന തരത്തില്‍ രാജിവെച്ചിരുന്നു. ഇതേതുടര്‍ന്നാണ് മറ്റ് എംഎല്‍എമാരെ രാജസ്ഥാനിലെ റിസോര്‍ട്ടിലേക്ക് മാറ്റിയത്.
ഇതിന് പിന്നാലെയാണ് ബിജെപി രാജസ്ഥാന് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നത്. പണം വാരിയെറിഞ്ഞ് എംഎൽഎമാരെ ‘വാങ്ങിക്കാൻ’ ശ്രമം നടക്കുന്നുവെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് രാജസ്ഥാനിലെ കോൺഗ്രസ് ചീഫ് വിപ്പ് മഹേഷ് ജോഷി ആന്റി കറപ്ഷൻ ബ്യൂറോയ്ക്ക് കത്ത് നൽകി.
നിലവിൽ കോൺഗ്രസിനെ പിന്തുണയ്ക്കുന്ന 12 സ്വതന്ത്രരുടെ പിന്തുണയാണ് രാജസ്ഥാനിലെ സർക്കാരിന്റെ ഏറ്റവും വലിയ കരുത്ത്. സ്വതന്ത്രരെ വലിച്ച് മറുചേരിയിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കുന്നതിനൊപ്പം കോൺഗ്രസിലെ തന്നെ അംഗങ്ങളും സ്വന്തം ചേരി വിടാൻ സാധ്യതയുണ്ടെന്ന സൂചനകളാണ് പാർട്ടിയെ അങ്കലാപ്പിലാക്കുന്നത്.
ബിജെപിക്ക് 72 എംഎല്‍എമാരുണ്ട്. ഇതിനൊപ്പം സ്വതന്ത്രരുടെയും സഖ്യകക്ഷികളുടെയും ഉള്‍പ്പെടെ ആറുപേരുടെ പിന്തുണ കൂടിയുണ്ട്. ഈ കക്ഷി നില പരിഗണിച്ചാല്‍ ബിജെപിക്ക് ഒരാളെ മാത്രമേ വിജയിപ്പിക്കാന്‍ സാധിക്കു.
എന്നാല്‍ കോണ്‍ഗ്രസിനൊപ്പമുള്ള 12 സ്വതന്ത്രരെ കൂടെക്കൂട്ടിയാല്‍ ബിജെപി പക്ഷത്ത് അംഗബലം കൂടും. ഇത് കോണ്‍ഗ്രസിന്റെ ഉറപ്പായിരുന്ന ഒരു സീറ്റ് നഷ്ടപ്പെടുന്നതിനുള്ള സാഹചര്യമുണ്ടാകും.
എന്നാൽ കോൺഗ്രസിന്റെ ആരോപണങ്ങൾ ബിജെപി തള്ളി. സ്വന്തം എംഎൽഎമാരെ വിശ്വാസമില്ലാത്തതിനലാണ് കോൺഗ്രസ് അവരെ റിസോർട്ടിലേക്ക് മാറ്റിയതെന്ന് ബിജെപി പ്രതികരിച്ചു.