ജയ്പുർ: രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരിനെ അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടവുമായി താരതമ്യപ്പെടുത്തി രാജസ്ഥാൻ ബിജെപി അധ്യക്ഷൻ സി.പി. ജോഷി. സംസ്ഥാനത്ത് പ്രീണന രാഷ്ട്രീയം പിന്തുടരുകയാണെന്നും അദ്ദേഹം ആരോപിച്ചു.
വരാനിരിക്കുന്ന രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പിൽ ചരിത്രപരമായ ജനവിധിയോടെ ബിജെപി സർക്കാർ രൂപീകരിക്കുമെന്നും ജോഷി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ഉദയ്പുരിൽ കാവി പതാക നിരോധിച്ചതിനും സിക്കാറിലെ രാം ദർബാർ തകർത്തതിനും മുഖ്യമന്ത്രി ഉത്തരവാദിയാണെന്ന് അദ്ദേഹം ആരോപിച്ചു. ജനങ്ങൾക്ക് ഇത് സഹിക്കാനാവില്ല. ആരെങ്കിലും അതിന് ഉത്തരവാദിയാണെങ്കിൽ അത് മുഖ്യമന്ത്രി അശോക് ഗെലോട്ടാണ്.
സംസ്ഥാനത്ത് പ്രീണനം നടത്തിയ രീതി ജനങ്ങൾ മറക്കില്ലെന്നും അദ്ദേഹം ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു. സംസ്ഥാനത്ത് അധികാരത്തിലെത്തിയ കോൺഗ്രസ് സർക്കാർ വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.