ന്യൂഡല്‍ഹി: കായിക മന്ത്രാലയത്തിന്റെ ടാര്‍ജറ്റ് ഒളിമ്പിക് പോഡിയം (ടോപ്) സ്കീമില്‍ 107 അത്ലറ്റുകള്‍ക്കു കൂടി പ്രവേശനം ലഭിച്ചു. അടുത്ത വര്‍ഷത്തെ കോമണ്‍വെല്‍ത്ത്, ഏഷ്യന്‍ ഗെയിംസുകള്‍ ലക്ഷ്യമാക്കിയാണ് പുതിയ പട്ടിക തയാറാക്കിയിരിക്കുന്നത്.
107ല്‍ നാലു താരങ്ങള്‍ മാത്രമാണ് 2020 ഒളിമ്പിക്സില്‍ പങ്കെടുക്കുന്നത്. ഇപ്പോള്‍ ആകെ 152 താരങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇവർക്ക് പരിശീലനാവശ്യങ്ങള്‍ക്കായി പ്രതിമാസം അന്‍പതിനായിരം രൂപ സ്റ്റൈപ്പെന്‍ഡായി നല്‍കുമെന്ന് കായികമന്ത്രി രാജ്യവര്‍ധന്‍ സിംഗ് രാത്തോഡ് അറിയിച്ചു.
സാനിയ മിര്‍സ, ബൊപ്പണ്ണ എന്നിവരടക്കം ഏഴു ടെന്നീസ് താരങ്ങളാണ് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ലിയാന്‍ഡര്‍ പെയ്സിനെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. 107 താരങ്ങളില്‍ 19 പേര് പാരാ അത്ലറ്റുകളാണ്. ഖേല്‍രത്ന അവാര്‍ഡ് ജേതാവ് ദേവേന്ദ്ര ജജാരിയയും ഇതില്‍ ഉള്‍പ്പെടുന്നു.
ദീപ മാലിക്, മാരിയപ്പന് തങ്കവേലു, വരുണ്‍ സിംഗ് ഭാട്ടി എന്നിവര്‍ ഏഷ്യന്‍ പാരാ ഗെയിംസിനായി പരിശീലനം നേടും. അഭിനവ് ബിന്ദ്ര നേതൃത്വം നല്കുന്ന കമ്മിറ്റി പുതിയ പട്ടിക കായികമന്ത്രാലയത്തിന് നല്കി.