കോതമംഗലം: ഊന്നുകൽ തടിക്കുളം ഭാഗത്ത് കതിർവേലിൽ ബിനീഷിന്റെ വീട്ടുമുറ്റത്ത് എത്തിയ രാജവെമ്പാല വീട്ടുകാരേയും നാട്ടുകാരേയും ഭീതിയിലാഴ്ത്തി.
ഇന്നലെ രാവിലെ 8.30 ഓടെയാണ് 12 അടി നീളമുള്ള രാജവെമ്പാലയെ കണ്ടത്.
വീടിനോട് ചേർന്ന പുളിമരത്തിലായിരുന്നു പാമ്പിനെ ആദ്യം കണ്ടത്. കോതമംഗലം റേഞ്ച് തടിക്കുളം സെക്ഷനിലെ വനപാലകരുടെ നേതൃത്വത്തിൽ ഫോറസ്റ്റ് വാച്ചറും പാമ്പുപിടുത്തക്കാരനുമായ സി.കെ.വർഗീസാണ് സാഹസികമായി രാജവെന്പാലയെ പിടികൂടിയത്.
വർഗീസ് പുളിമരത്തിന് സമീപം എത്തിയപ്പോൾ പാമ്പ് ഇഴഞ്ഞ് വീട്ടുമുറ്റത്തെത്തി. പത്തിവിടർത്തി ചുറ്റുപാടും വീക്ഷിച്ച് നിൽക്കുന്ന പാമ്പിനെ കാണാൻ ആളുകളും തടിച്ചുകൂടി.
ബിഎഫ്ഒമാരായ ഡി.ഷിബു, നൂറുൾ ഹസൻ, വാച്ചർ ജിജോ, അനിൽ എന്നിവർ നേതൃത്വം നൽകി. പാന്പിനെ പിന്നീട് ഉൾവനത്തിൽ തുറന്നുവിട്ടു.