തളിപ്പറമ്പ്: ജനവാസകേന്ദ്രത്തിലെത്തുന്ന രാജവെമ്പാലയടക്കമുള്ള പാമ്പുകളെ പിടിച്ച് കാടുകളിലേക്ക് തിരിച്ചയച്ച് പാമ്പുകളുടെ രക്ഷകനായി ഉദയഗിരി സ്വദേശി ടി.കെ. മനു.
കഴിഞ്ഞ 11 വര്‍ഷമായി 70 ല്‍ അധികം തവണ കാടിന്റെ അരികിലുള്ള ജനവാസ കേന്ദ്രത്തില്‍ എത്തി രാജവെമ്പാലയെ പിടിച്ച് തിരിച്ചു അവയുടെ ആവാസ വ്യവസ്ഥയില്‍ വിട്ട് സംരക്ഷിക്കുകയാണ് മനു ചെയ്യുന്നത്.
ആറടി മുതല്‍ പത്തടി വരെ നീളമുള്ള രാജവെമ്പാലകളെ മനു പിടിച്ചിട്ടുണ്ട്.
രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ഏതു സമയത്തും ഒരു വിളിപ്പുറത്തു വന്ന് പാമ്പുകളെ പിടികൂടി അവയെ തിരിച്ച് കാട്ടിലേക്ക് അയക്കുകയാണ് ഈ ചെറുപ്പക്കാരന്.
മനുഷ്യവാസമുള്ളയിടങ്ങളില് പ്രത്യക്ഷപ്പെടുന്ന വിഷപ്പാമ്പുകളെ പിടികൂടി സംരക്ഷിക്കുന്ന ഇദ്ദേഹത്തിന് വന്യജീവി വകുപ്പിന്റെ പിന്തുണയുമുണ്ട്. കേരള ഗവൺമെന്റിന്റെ അംഗീകൃത പാമ്പ് സംരക്ഷകനാണ് ഇയാള്‍.
പാമ്പുകളെ കൈകാര്യം ചെയ്യുന്നതില്‍ പ്രത്യേകം നൈപുണ്യം നേടിയ മനു കണ്ണൂര്‍ വൈല്‍ഡ് ലൈഫ് റെസ്ക്യൂ ടീം അംഗമാണ്.