മുക്കം: 12 അടി നീളമുള്ള രാജവെമ്പാലയെ വീട്ടിനുള്ളിൽ നിന്നും പിടികൂടി. കോഴിക്കോട് മലപ്പുറം ജില്ലകളുടെ അതിർത്തി പ്രദേശമായ തോട്ടുമുക്കം കോനൂർ കണ്ടിയിൽ നിന്നാണ് ഭീമൻ രാജവെമ്പാലയെ പിടികൂടിയത് .
കോനൂർ കണ്ടി പൂക്കോടൻ മുണ്ടന്റെ വീട്ടിൽ നിന്നാണ് രാജവെമ്പാലയെ പിടികൂടിയത്. ഇന്നലെ വൈകുന്നേരം ആറരയോടെയാണ് വീട്ടിൽ ടിവി കണ്ടുകൊണ്ടിരിക്കെ മുകളിൽ നിന്നും ശബ്ദം കേട്ട് നോക്കുമ്പോഴാണ് പാമ്പിനെ കണ്ടത്. ഉടനെ വീട്ടിലുള്ളവർ പുറത്തിറങ്ങി അടുത്തുള്ള വീട്ടുകാരെയും ഫോറസ്റ്റ് ഓഫീസിലും വിവരമറിയിക്കുകയുമായിരുന്നു.
ഒമ്പതിന് നിലമ്പൂർ ഫോറസ്റ്റ് ഓഫീസിൽ നിന്നും റാപ്പിഡ് റെസ്പോൺസ് ടീമിന്റെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. മണിക്കൂറുകളോളം നാട്ടുകാരെ മുൾമുനയിൽ നിർത്തിയ രാജവെമ്പാലയെ നിമിഷങ്ങൾക്കുള്ളിൽ ആണ് റാപ്പിഡ് റെസ്പോൺസ് ടീം ഉദ്യോഗസ്ഥനായ സി.ടി. അസീസ് പിടികൂടിയത്. ഫോറസ്റ്റ്ഓഫിസർ അബ്ദുൽ നാസറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയിരുന്നത്. സംഘത്തിൽ പ്രവീൺ,ഫൈസൽ എന്നിവരും ഉണ്ടായിരുന്നു.