ആര്യങ്കാവ് : ആര്യങ്കാവിലാണ് വീട്ടിനുള്ളില്‍ അപ്രതീക്ഷിതമായി എത്തിയ അതിഥിയെ കണ്ടു വീട്ടുകാര്‍ ഭയന്ന് വിറച്ചത്. ആള് മറ്റാരുമല്ല. ഉഗ്രവിഷമുള്ള രാജവെമ്പാല.
വൈകുന്നേരം ആറരയോടെയാണ് ആര്യങ്കാവ് മുരുകന്പഞ്ചാലില് സദാനന്ദഭവനത്തിൽ അനിരുദ്ധന്റെ വീട്ടിനുള്ളില്‍ രാജവെമ്പാല കയറിയത്.
വീട്ടിന്നുള്ളില് എത്തിയ രാജവെമ്പാല ഹാളിൽ വീട്ടുകാർ എപ്പോഴും ഉപയോഗിക്കുന്ന കസേരയ്ക്കടിയില്‍ സ്ഥാനം ഉറപ്പിച്ചു. ഈ സമയം തൊട്ടടുത്ത കസേരയില്‍ ഇരുന്ന അനുരുദ്ധന്റെ മകന് പാമ്പിനെ കണ്ടു ബഹളം വച്ചു.
ഇതോടെ വീട്ടുകാരും നാട്ടുകാരും പാഞ്ഞെത്തി. ഒടുവില്‍ മണിക്കൂറുകള്‍ക്ക് ശേഷം പാമ്പ് പിടുത്ത വിദഗ്ധന്‍ വാവ സുരേഷ് എത്തിയാണ് അഞ്ച് വയസ് പ്രായംവരുന്ന എട്ടടിയോളം നീളമുള്ള പെണ് രാജവെമ്പാലയെ പിടികൂടിയത്.
വീട്ടിനുള്ളില്‍ ഉഗ്രവിഷമുള്ള പാമ്പ് കയറിയതോടെ പ്രദേശവാസികള്‍ ഭീതിയിലാണ്. ജനവാസമേഖലയിൽനിന്ന് പിടികൂടുന്ന വന്യജീവികളെ ആര്യങ്കാവ് പാണ്ഡ്യൻപാറ, കരയാളർമെത്ത് ഭാഗങ്ങളിൽ തുറന്നുവിടുന്നത് അവസാനിപ്പിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം