വളർത്തുപാമ്പിന്റെ കടിയേറ്റ് പതിനാലുകാരൻ മരിച്ചു. ഇന്തോനേഷ്യയിലെ ജാവയിലുള്ള ബന്തൂങ്ങ് സ്വദേശിയായ അറിൽ ആണ് മരിച്ചത്. നിരവധി വളർത്തുപാന്പുകളുള്ള വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് രാജവെന്പാലയെ കളിപ്പിക്കുന്നതിനിടെയാണ് അറിലിനു കടിയേറ്റത്.
രാജവെന്പാല എന്താണ് ചിരിക്കാത്തതെന്ന അടിക്കുറിപ്പോടെയാണ് അറിൽ വാട്ട്സപ്പിൽ സ്റ്റാറ്റസായി ആദ്യത്തെ ചിത്രം പങ്കുവെച്ചത്. നാലു മിനിട്ടുകൾക്ക് ശേഷം അറിൽ രാജവെന്പാലയുടെ കടിയേറ്റ ചിത്രം പങ്കുവെച്ചു. മരണത്തിനും ജീവിതത്തിനും ഇടയിൽ എന്ന അടിക്കുറിപ്പോടെയാണ് ഇത് പങ്കുവെച്ചത്. ഇതെല്ലാം തമാശയാണെന്നാണ് ചിത്രങ്ങൾ കണ്ട സുഹൃത്തുക്കൾ വിചാരിച്ചിരുന്നത്. പിന്നാലെ, “ആരെങ്കിലും എന്റെ യഥാർഥ സുഹൃത്തുക്കളാണെങ്കിൽ എന്നെ രക്ഷിക്കു..’ എന്ന സ്റ്റാറ്റസ് കണ്ടതോടെ സുഹൃത്തുക്കൾ പാഞ്ഞെത്തി. അവർ എത്തുമ്പോഴേക്കും അറിൽ അവശനായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അറിൽ മരണത്തിനു കീഴടങ്ങി.