മുണ്ടക്കയം ഈസ്റ്റ്: ശബരിമല വനാതിർത്തിപ്രദേശമായ ടിആർ ആൻഡ് ടി എസ്റ്റേറ്റിലെ ചെന്നാപ്പാറ മേഖലയിൽ വന്യമൃഗശല്യം രൂക്ഷമായി.
കാട്ടാനയ്ക്കും കാട്ടുപോത്തിനും പിന്നാലെ പുലിയെകൂടി കണ്ടതോടെ ഭീതിയിലായിരിക്കുകയാണ് എസ്റ്റേറ്റ് മേഖല. ചെന്നാപ്പാറ ടോപ് റബര്‍ തോട്ടത്തില്‍ ടാപ്പിംഗ് തൊഴിലാളികളാണ് ഇന്നലെ രാവിലെ 7.30ഓടെ പുലിയെ കണ്ടത്.
ഓംകാരത്തില്‍ മോഹനന് ടാപ്പിംഗ് നടത്തുന്നതിനിടെയാണ് പുലിയെ കണ്ടത്. റബര്‍ത്തോട്ടത്തിൽ കൈത്തോടിനോടു ചേർന്നുള്ള പാറപ്പുറത്തു കിടന്ന പുലി എഴുന്നേറ്റതോടെ മോഹനന് നിലവിളിച്ചുകൊണ്ട് ഓടുകയായിരുന്നു.
സമീപത്ത് ടാപ്പിംഗ് നടത്തിക്കൊണ്ടിരുന്ന വിജയമ്മയോടും പുലിയെ കണ്ട വിവരം പറഞ്ഞു. ഇരുവരും ഓടി രക്ഷപ്പെട്ടു.
പിന്നീട് വനംവകുപ്പ് ഉദ്യോഗസ്ഥരുമായി സ്ഥലത്ത് എത്തി പരിശോധന നടത്തിയെങ്കിലും പുലിയെ കണ്ടെത്താനായില്ല. പുലിയുടേതെന്നു കരുതുന്ന കാല്‍പ്പാടുകള്‍ പതിഞ്ഞതു കണ്ടെത്തിയിട്ടുണ്ട്.
മേഖലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ രണ്ടു പശു, നായ എന്നിവയെ കടിച്ചു കീറി കൊന്ന നിലയില്‍ കണ്ടെത്തിയിരുന്നു. ഇവയെ പുലി പിടിച്ചതാണെന്നു കരുതുന്നു. തൊഴിലാളികള്‍ കണ്ടത് പുലിതന്നെയാണെന്നു വനംവകുപ്പും സ്ഥിരീകരിച്ചിട്ടുണ്ട്.
നാലുദിവസം മുമ്പു ഇവിടെ ജനവാസ കേന്ദ്രത്തില്‍ രാജവെമ്പാലയെ തൊഴിലാളികള്‍ കാണുകയും വനപാലകരെത്തി പിടികൂടുകയും ചെയ്തിരുന്നു.
കഴിഞ്ഞ മാസം കാട്ടാനക്കൂട്ടം പ്രദേശത്ത്് എത്തിയതിന്റെ ഭീതിയിലിരിക്കെയാണ് പുലിയെ കണ്ടത്.
തോട്ടത്തിന്റെ അതിര്‍ത്തി ശബരിമല വനമായതിനാല്‍ ഇവിടെ നിന്നെത്തിയതാവാം പുലിയെന്നാണ് കരുതുന്നത്. മേഖലയില്‍ പുലിയെ കണ്ടതായി വിവരം ലഭിച്ചതിനാല്‍ കാമറ സ്ഥാപിക്കാനും പുലിയുടെ പിടികൂടാനും അടിയന്തര നടപടി സ്വീകരിക്കുമെന്നു റേഞ്ച് ഓഫീസര്‍ എന്‍.ജി. ജയകുമാര്‍ അറിയിച്ചു.