തൃശൂർ: യുപിയിൽ ആക്രമിക്കപ്പെട്ട കന്യാസ്ത്രീകളെക്കുറിച്ച് ഒന്നും പറയാത്ത മോദിക്കു കേരളത്തിൽ വന്ന് ബൈബിൾ വചനം പറയാൻ എന്തവകാശമെന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി.
തൃശൂർ തേക്കിൻകാട് മൈതാനിയിൽ യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു പ്രിയങ്ക.
കേരളം തെരഞ്ഞെടുപ്പിനോട് അടുക്കുന്നതുകൊണ്ടു മാത്രമാണ് പ്രധാനമന്ത്രി ബൈബിൾ പരാമർശം നടത്തിയത്.
യുപിയിലെ കന്യാസ്ത്രീകളുടെ അസ്തിത്വം തെളിയിക്കുന്ന രേഖകൾ അദ്ദേഹത്തിന്റെ പാർട്ടിയിൽപ്പെട്ടവർ ആവശ്യപ്പെട്ടതിനെക്കുറിച്ച് അദ്ദേഹം മിണ്ടിയില്ല.
ഈ കന്യാസ്ത്രീകൾ സ്വന്തം ജീവിതം മുഴുവൻ പാവപ്പെട്ടവരെ സഹായിക്കാനായി ഉഴിഞ്ഞുവച്ചവരാണെന്ന് അദ്ദേഹത്തിനറിയില്ല. മതത്തിന്റെ പേരിൽ ആളുകളെ വിഭജിക്കുന്ന പാർട്ടിയാണ് അദ്ദേഹത്തിന്റേത്.
മദർ തെരേസയുടെ മിഷണറിമാർക്കൊപ്പം പ്രവർത്തിച്ചതിൽനിന്നു സന്യാസിനീസമൂഹത്തിന്റെ സേവന മനോഭാവം എന്നെയും സ്വാധീനിച്ചിട്ടുണ്ട്.
അവരുടെ വോളന്റിയറായി പ്രവർത്തിക്കാനും എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്.
പ്രധാനമന്ത്രിക്കുവേണ്ടി ബൈബിളിലെ ഒരു വചനം ഞാൻ പറയാം. “സത്യസന്ധമായ അധരങ്ങൾ എക്കാലവും നിലനിൽക്കും.
എന്നാൽ നുണപറയുന്ന നാവ് ഒരു നിമിഷത്തേക്കേ നിലനിൽക്കൂ’. രാജ്യത്തു വിഭജനത്തിന്റെ വിത്തു പാവിയിട്ട് ബൈബിളിലെ വരികൾ ഉദ്ധരിക്കുന്നതിൽ കാര്യമില്ല.
തന്റെ പൊള്ളയായ പ്രസംഗങ്ങളിൽ ബൈബിൾ വചനങ്ങൾ പറയുന്ന പ്രധാനമന്ത്രി അതു ജീവിതത്തിൽ പ്രാവർത്തികമാക്കുകയാണു വേണ്ടതെന്നും പ്രിയങ്ക പറഞ്ഞു.