ന്യൂഡൽഹി: യുവാവിനെ കൊലപ്പെടുത്തി മൃതദേഹം ഒളിപ്പിച്ച കേസില്‍ സഹോദരങ്ങൾ അറസ്റ്റില്‍.
ഡല്‍ഹിയിലാണ് സംഭവം. മാങ്ക് റാം പാര്‍ക്ക് സ്വദേശിയായ രാജേഷ്(34) എന്നയാള്‍ കൊല്ലപ്പെട്ട സംഭവത്തിലാണ് ഇയാളുടെ രണ്ട് സഹോദരങ്ങളെ പോലീസ് അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ചയാണ് ബാഗില്‍ ഒളിപ്പിച്ച നിലയില്‍ ഇയാളുടെ മൃതദേഹം പോലീസിന് ലഭിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇയാളുടെ ശരീരത്തില്‍ മര്‍ദനത്തിന്റെ പാടുകള്‍ പോലീസ് കണ്ടെത്തി.
പിന്നീട് പോലീസിന്റെ ചോദ്യം ചെയ്യലിൽ ഇയാളുടെ സഹോദരങ്ങളായ വിപിന്‍(28), രാജു(21) എന്നിവര്‍ കുറ്റം സമ്മതിക്കുകയായിരുന്നു.
സ്ഥിരം മദ്യപാനിയായിരുന്ന രാജേഷ് വീട്ടില്‍ വന്ന് പതിവായി പ്രശ്നങ്ങളുണ്ടാക്കുമായിരുന്നു. സംഭവ ദിവസവും ഇയാള്‍ വീട്ടില്‍ പ്രശ്നമുണ്ടാക്കി. തുടര്‍ന്ന് സഹികെട്ടാണ് ഇയാളെ മര്‍ദിച്ചതെന്നും ഇവർ പോലീസിനോടു പറഞ്ഞു.
മര്‍ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ രാജേഷിനെ ആശുപത്രിയിൽ കൊണ്ടുപോകാൻ ഇവർ തയാറായില്ല. ഇതോടെ കൃത്യസമയത്ത് ചികിത്സലഭിക്കാതെ ഇയാള്‍ മരിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.