കോട്ടയം: മുണ്ടക്കയത്തെ സിപിഎമ്മിനെ നയിക്കാൻ വനിത. മുണ്ടക്കയം സൗത്ത് ലോക്കൽ കമ്മറ്റി സെക്രട്ടറിയായി റജീന റഫീഖിനെയാണ് തെരഞ്ഞെടുത്തത്.
വനിത സെക്രട്ടറിയായ ജില്ലയിലെ ഏക ലോക്കൽ കമ്മറ്റിയാണ് മുണ്ടക്കയം സൗത്ത് കമ്മറ്റി. ലോക്കൽ സെക്രട്ടറിയായിരുന്നു പി.കെ. പ്രദീപ് ബ്ലോക്ക് പഞ്ചായത്തംഗമായി തെരഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്നാണ് റജീനയെ സെക്രട്ടറിയായി തെരഞ്ഞെടുത്തത്.
ഡിവൈഎഫ്ഐയിലൂടെ പാർട്ടി പ്രവർത്തനരംഗത്ത് എത്തിയ റെജീന ഡിവൈഎഫ്ഐയുടെ ജില്ലാ, സംസ്ഥാന ഭാരവാഹിയായിരുന്നു. ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാകമ്മറ്റിയംഗം, പുരോഗമന കലാസാഹിത്യ സംഘം, ശാസ്ത്രസാഹിത്യ പരിക്ഷത്ത് എന്നിവയിലും സജീവമായി പ്രവർത്തിക്കുന്നു.
റജീന റഫീഖിനെ സെക്രട്ടറിയാക്കിയതിലൂടെ മുണ്ടക്കയം മേഖലയിൽ പാർട്ടിയെ കൂടുതൽ ശക്തിപ്പെടുത്താനാണ് സിപി എമ്മിന്റെ നീക്കം. കടുത്തുരുത്തി ഏരിയായിലെ മാഞ്ഞൂർ ലോക്കൽ സെക്രട്ടറിയായി കോമളവല്ലി രവീന്ദ്രനും പാലാ ഏരിയായിലെ മുത്തോലി ലോക്കൽ സെക്രട്ടറിയായി പുഷപ ചന്ദ്രനും പ്രവർത്തിച്ചിരുന്നു.