മാങ്കാംകുഴി(ആലപ്പുഴ): ഒരിക്കൽ വൃക്ക മാറ്റിവയ്ക്കലിനു വിധേയനായെങ്കിലും വീണ്ടും വൃക്കരോഗ ബാധിതനായ യുവാവിനെ രക്ഷിക്കാൻ ഒരു നാടാകെ ഒന്നിക്കുന്നു. ഇതു സംബന്ധിച്ചു ചേർന്ന ആലോചനാ യോഗത്തിൽ താൻ വൃക്കദാനത്തിനു സന്നദ്ധയാണെന്നു പ്രഖ്യാപിച്ചു വനിതാ പഞ്ചായത്ത് അംഗം വേറിട്ട മാതൃകയായി.
മാവേലിക്കര വെട്ടിയാർ ചൈതന്യയിൽ ചന്ദ്രൻ നായരുടെ മകൻ രാജ് ചന്ദ്ര(28 )ന്റെ വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു പണം കണ്ടെത്താനാണു വെട്ടിയാർ ഗ്രാമം ഒന്നിച്ചിറങ്ങാൻ തീരുമാനിച്ചത്. ഇതിനുള്ള ആലോചനായോഗത്തിലാണ് തഴക്കര ഗ്രാമ പഞ്ചായത്ത് പതിനൊന്നാം വാർഡ് മെംബർ ദീപാ വിജയകുമാർ വൃക്ക നൽകാൻ സന്നദ്ധയാണെന്ന് അറിയിച്ചത്. കരഘോഷത്തോടെയാണ് സദസ് ഈ പ്രഖ്യാപനത്തെ സ്വീകരിച്ചത്.
കൂടാതെ പഞ്ചായത്ത് പ്രസിഡന്റ് വത്സല സോമൻ, വൈസ് പ്രസിഡന്റ് എസ് അനിരുദ്ധൻ, പഞ്ചായത്ത് അംഗങ്ങളായ ടി. യശോധരൻ, കെ രവി, എസ്. അഷ്റഫ് എന്നിവർ ഈ മാസത്തെ പഞ്ചായത്ത് ഓണറേറിയത്തിന്റെ പകുതി നൽകാനും സന്നദ്ധരായി. ആർ രാജേഷ് എം എൽ എ, പഞ്ചായത്ത് പ്രസിഡന്റ് എന്നിവർ മുഖ്യ രക്ഷാധികാരികളായി ചികിത്സാ സഹായ സമിതിക്കും നാട്ടിലെ സന്നദ്ധ പ്രവർത്തകരുടെ ഒരു കൂട്ടായ്മക്കും രൂപം നൽകി. ഇവർ ഡിസംബർ രണ്ടിന് വെട്ടിയാർ ഗ്രാമത്തിലെ മുഴുവൻ പഞ്ചായത്ത് വാർഡുകളിലെയും ഭവന സന്ദർശനത്തിലൂടെ ധനസഹായ ശേഖരണവും നടത്തും.
ആറു വർഷം മുമ്പ് രാജ് ചന്ദ്രന്റെ ഇരു വൃക്കകളും തകരാറിലായിരുന്നു. അന്നു ഇദ്ദേഹത്തിന്റെ പിതാവ് ചന്ദ്രൻ നായർ സ്വന്തം വൃക്ക പകുത്ത് നൽകി മകനെ ജീവിതത്തിലേക്കു തിരികെ കൊണ്ടുവരികയായിരുന്നു. എന്നാൽ, മാറ്റിവയ്ക്കപ്പെട്ട വൃക്കയിൽ വീണ്ടും രോഗലക്ഷണം കണ്ടുതുടങ്ങിയതോടെ വീണ്ടും അടിയന്തര വൃക്ക മാറ്റിവയ്ക്കൽ നിർദേശിച്ചു.
മാറ്റിവച്ച വൃക്കയിൽ പനിബാധയെ തുടർന്ന് അണുബാധയേറ്റതാണു പ്രശ്നമായത്. ഒന്നിടവിട്ട ദിവസങ്ങളിൽ ഡയാലിസിസിനു വിധേയനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രി തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുകയാണ് യുവാവ്. ആദ്യം ഇരുപതു ലക്ഷത്തോളം രൂപ ചെലവിട്ടു പലരുടെയും സഹായത്തോടെയാണ് വൃക്ക മാറ്റിവയ്ക്കൽ നടത്തിയത്. ഇതിന്റെ ബാധ്യതകൾ തീരുന്നതിനു മുന്പാണ് വീണ്ടും രോഗം തല ഉയർത്തിയത്. നാടിന്റെ നല്ല മനസ് താങ്ങാവുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം.
നൗഷാദ് മാങ്കാംകുഴി