തിരുവനന്തപുരം: മടവൂരിലെ റേഡിയോ ജോക്കിയുടെ കൊലപാതകത്തിൽ പ്രതികൾ രക്ഷപ്പെടാൻ കാരണം പോലീസിന്റെ തണുപ്പൻ നടപടി കാരണമെന്ന് വ്യാപക ആക്ഷേപം.
റേഡിയോ ജോക്കി രാജേഷിനെ സ്വിഫ്ട് കാറിലെത്തിയ സംഘം കഴിഞ്ഞ ദിവസം പുലർച്ചെ രണ്ട് മണിയോടെയാണ് വെട്ടിക്കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് കുട്ടനും വെട്ടേറ്റിരുന്നു. എന്നാൽ കുട്ടൻ ഓടിരക്ഷപ്പെടുകയായിരുന്നു. ആക്രമണ വിവരം പോലീസിൽ അറിയിക്കുകയും അക്രമിസംഘം എത്തിയ ചുവപ്പ് സ്വിഫ്ട് കാറിനെക്കുറിച്ച് വിവരം നൽകിയിരുന്നു.
എന്നാൽ വാഹനപരിശോധന നടത്താൻ പോലീസ് വൈകിയത് പ്രതികൾക്ക് രക്ഷപ്പെടാൻ ഇടയാക്കുകയായിരുന്നുവെന്നാണ് ജനങ്ങൾ ആരോപിക്കുന്നത്. മടവൂരിൽ നിന്നും ദേശീയപാതയിലേക്കൊ എംസി റോഡിലേക്കൊ പ്രവേശിക്കാൻ ഒരു മണിക്കൂർ നേരം ആവശ്യമാണ്.
എന്നാൽ ഈ സമയത്ത് മറ്റ് സ്റ്റേഷനുകളിലേക്ക് കാർ തടയാൻ നിർദേശം നൽകാൻ വൈകിയത് അക്രമികൾക്ക് രക്ഷപ്പെടാൻ ഇടയാക്കുകയായിരുന്നുവ്ന്നൊണ് വ്യാപകമായി ഉയരുന്ന ആക്ഷേപം. ഉന്നത പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പടെ കൊലപാതക വിവരം അറിഞ്ഞിട്ടും കാര്യക്ഷമമായുള്ള നടപടികൾ സ്വീകരിക്കാതിരുന്നതാണ് പ്രതികൾ രക്ഷപ്പെടാൻ കാരണമെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.
അക്രമികൾ സഞ്ചരിച്ച കാറിന്റെ ദൃശ്യങ്ങൾ പുറത്ത്
തിരുവനന്തപുരം: റേഡിയോ ജോക്കി രാജേഷിനെ കൊലപ്പെടുത്തിയ കേസിലെ അക്രമികൾ സഞ്ചരിച്ചതെന്നു കരുതുന്ന കാറിന്റെ ദൃശ്യങ്ങൾ പുറത്ത്. കൊലനടന്ന സ്ഥലത്തേക്കു കാർ വരുന്നതും പോകുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. കാറിന്റെ നന്പർ വ്യക്തമല്ല.
അതേസമയം കേസിൽ പോലീസ് അന്വേഷണം ഉൗർജിതമാക്കിയിരിക്കുകയാണ്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് കാറിലെത്തിയ നാലംഗ സംഘം രാജേഷിനെ സ്റ്റുഡിയോയിൽ കയറി വെട്ടിക്കൊലപ്പെടുത്തിയത്.