തലശേരി: പുലർച്ചെ ട്യൂഷന് പോകുകയായിരുന്ന പത്താംക്ലാസ് വിദ്യാർഥിനിയെ ബസ് കാത്തിരിപ്പുകേന്ദ്രത്തിൽ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ.
മാനന്തേരി സ്വദേശി രാജേഷിനെയാണ് തലശേരി ഡിവൈഎസ്പി കെ.വി. വേണുഗോപാലിന്റെ നേതൃത്ത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റുചെയ്തത്. ശനിയാഴ്ച പുലർച്ചെയാണ് സംഭവം.
വീട്ടിൽ നിന്ന് പിതാവ് ബൈക്കിൽ വിദ്യാർഥിനിയെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപം എത്തിച്ചു. പിതാവ് പോയശേഷം പ്രതി പെൺകുട്ടിയുടെ കൈയിൽ നിന്നും സ്കൂൾ ബാഗ് തട്ടിയെടുത്ത് ബസ് ഷെൽട്ടറിന്റെ അകത്തേക്ക് ഓടിക്കയറി.
പിന്തുടർന്നെത്തിയ പെൺകുട്ടി ബാഗ് ചോദിക്കുന്നതിനിടെ കടന്നുപിടിക്കുകയായിരുന്നു. പെൺകുട്ടിയെ ഉപദ്രവിക്കുന്നതിനിടയിൽ അതുവഴി മത്സ്യവില്പനക്കാരൻ ഹോണടിച്ചെത്തിയതോടെ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു.
പെൺകുട്ടിയുടെയും മത്സ്യവിൽപനക്കാരന്റെയും ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാർ പ്രതിക്കായി തെരച്ചിൽ നടത്തിയെങ്കിലും കണ്ടുകിട്ടിയിരുന്നില്ല. സംഭവത്തിൽ ഒരാൾകൂട്ടി ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം.