ചേർത്തല: ക്ഷണിച്ച യോഗത്തിൽ നിന്നും തന്റെ പേര് വെട്ടിമാറ്റിയതിനെ തുടർന്നാണ് ഫേസ്ബുക്കിൽ പ്രതികരിക്കേണ്ടി വന്നതെന്നും ആരെയും മനഃപൂർവം ദ്രോഹിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും കവിയും ചലച്ചിത്ര ഗാനരചയിതാവും കുമാരനാശാൻ സ്മാരക സമിതി ചെയർമാനുമായ രാജീവ് ആലുങ്കൽ. സാംസ്കാരിക പ്രവർത്തകനും ചിത്രകലാ അധ്യാപകനുമായ ആർട്ടിസ്റ്റ് പി.ജി. ഗോപകുമാറിനെതിരേ ഫേസ്ബുക്കിൽ അപവാദപ്രചരണം നടത്തിയെന്ന പരാതിയിൽ വിശദീകരണം നടത്തുകയായിരുന്നു അദ്ദേഹം.
സംഭവം വിവാദമായതോടെ സിപിഐ ചേർത്തല മണ്ഡലം കമ്മിറ്റിയും യുവകലാസാഹിതി ചേർത്തല മണ്ഡലം കമ്മിറ്റിയും രാജീവ് ആലുങ്കലിനെതിരേ പ്രസ്താവനയുമായി രംഗത്തെത്തിയിരുന്നു.താൻ ഒരു സാംസ്കാരിക രാഷ്ട്രീയ പ്രവർത്തകരേയും അധിക്ഷേപിക്കാൻ ശ്രമിച്ചിട്ടില്ല. സ്നേഹിക്കുന്നവരെ ഹൃദ്യമായി പരിഗണിക്കാറാണ് പതിവ്. ചേർത്തലയിലെ സിപിഐ പ്രവർത്തകരുമായി നാളിതുവരെ ഒരു അഭിപ്രായ വ്യത്യാസവും ഉണ്ടായിട്ടില്ല.
മാർച്ച് 23 ന് വയലാറിൽ രാഘവപ്പറന്പിൽ നടന്ന സംസ്കാരിക യോഗത്തിലേക്ക് യുവകലാസാഹിതി ജില്ലാ സെക്രട്ടറി ആസിഫ് റഹിം തന്നെ ക്ഷണിച്ചിരുന്നു.പിന്നീട് നോട്ടീസിൽ തന്റെ പേരുകാണാതായി. ബന്ധപ്പെട്ടവരോട് അന്വേഷിച്ചപ്പോൾ മണ്ഡലം കണ്വീനർ ആർട്ടിസ്റ്റ് ഗോപകുമാറിൻറെ വിയോജിപ്പാണ് ഇതിനു കാരണമാണെന്നറിഞ്ഞു. അപ്പോഴാണ് ഫെയ്സ്ബുക്കിലൂടെ പ്രതികരിച്ചത്.
പിന്നീട് ആസീഫ് റഹിം ഉൾപ്പെടെയുള്ള ഭാരവാഹികൾ ഖേദം പ്രകടിപ്പിച്ചപ്പോൾ ഗോപകുമാറിനെതിരേയുള്ള ഫേസ്ബുക്ക് പോസ്റ്റ് പിൻവലിക്കുകയായിരുന്നു. ഇതിനുമുന്പും ഗോപകുമാറുമായി ഇത്തരം അനുഭവങ്ങളുണ്ടായിട്ടുണ്ട്.തുടർച്ചയായി ഉണ്ടായപ്പോഴാണ് അദ്ദേഹത്തിനെതിരേ വ്യക്തിപരമായി പ്രതികരിച്ചത്. മാനസിക വിഷമത്താലും വിക്ഷോഭത്താലും ഉണ്ടായ വികാരപ്രകടനം ഗോപകുമാറിനു ബുദ്ധിമുട്ടുണ്ടായെങ്കിൽ ഖേദിക്കുന്നുവെന്നും കലാകാരൻമാർ തമ്മിൽ ഭിന്നിക്കാതെ സ്നേഹത്തോടെ നീങ്ങണമെന്നുമാണ് തന്റെ അഭിപ്രായമെന്നും രാജീവ് ആലുങ്കൽ പറഞ്ഞു.