രാജകുമാരി: മൊബൈൽ ഫോണ്‍ മോഷണം പോയതുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് യുവാവിനെ കൊലപ്പെടുത്തി കൊക്കയിൽ തള്ളിയ കേസിൽ മൂന്നു പേർ അറസ്റ്റിൽ. ശാന്തന്‍പാറ തൊട്ടിക്കാനം വാഴയിൽ രാജീവിനെ (32) കൊലപ്പെടുത്തി തമിഴ്നാട് അതിർത്തിയായ രാജാപ്പാറമെട്ടിലെ കൊക്കയിൽ തള്ളിയ കേസിൽ മാങ്ങാത്തൊട്ടി വാഴയിൽ ഗോപി (42), തൊട്ടിക്കാനം വാക്കോട്ടിൽ ബാബു (43), ബാബുവിനൊപ്പം താമസിക്കുന്ന എമിലി (38) എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
പ്രതികളുമായി രാജാപ്പാറ മെട്ടിലെത്തി തെളിവെടുപ്പ് നടത്തിയ സംഘം ഒരു കിലോമീറ്റർ ആഴമുള്ള കൊക്കയിൽനിന്നു രാജീവിന്റെ മൃതദേഹം കണ്ടെടുത്തു.സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: കഴിഞ്ഞ ജൂലൈ 10 മുതൽ രാജീവിനെ കാണാനില്ലെന്ന് അമ്മ കൗസല്യ ശാന്തന്‍പാറ പോലീസിൽ പരാതി നൽകിയിരുന്നു. ഒരു കേസുമായി ബന്ധപ്പെട്ട് നെടുങ്കണ്ടം കോടതിയിൽ പോയതിനുശേഷം രാജീവ് മടങ്ങിവന്നില്ലെന്നായിരുന്നു പരാതി. തുടർന്ന് ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം പ്രത്യേക പോലീസ് സംഘം അന്വേഷണമാരംഭിച്ചിരുന്നു.
കാണാതാകുന്നതിനു തൊട്ടുമുന്‍പ് രാജീവ് പ്രതികളിലൊരാളായ വാഴാട്ട് ഗോപിയുടെ ഏലത്തോട്ടത്തിൽ അഞ്ചു ദിവസം ജോലി ചെയ്തിരുന്നതായി പോലീസിന് വിവരം ലഭിച്ചു. രാജീവിനൊപ്പം കേസിലെ പ്രതികളായ തൊട്ടിക്കാനം വാക്കോട്ടിൽ ബാബു, ഇയാളോടൊപ്പം താമസിച്ചിരുന്ന എമിലി എന്നിവരും ഗോപിയുടെ തോട്ടത്തിൽ പണിചെയ്തിരുന്നവരാണ്. ബാബുവും എമിലിയും ഗോപിയുടെ തോട്ടത്തിലുള്ള ഷെഡിലാണ് താമസിച്ചിരുന്നത്.
ജൂലൈ പത്തിന് തന്റെ മൊബൈൽഫോണ്‍ ബാബുവും എമിലിയുംചേർന്ന് മോഷ്ടിച്ചതായി രാജീവ് സ്ഥലമുടമയായ ഗോപിയോട് പറഞ്ഞു. ഏലത്തോട്ടത്തിനകത്തെ ഷെഡിനുസമീപം ഇതുസംബന്ധിച്ച് പ്രതികൾ രാജീവുമായി തർക്കത്തിലായി. തർക്കത്തെതുടർന്ന് രാജീവ് പ്രതികളെ തള്ളിമാറ്റി ഓടാൻ ശ്രമിച്ചപ്പോൾ എമിലി കൈക്കോട്ടുകൊണ്ട് രാജീവിന്റെ തലയിൽ അടിച്ചു.
തുടർന്ന് മൂന്നുപേരും ചേർന്ന് രാജീവിനെ ക്രൂരമായി മർദിച്ചു. കല്ലുകൊണ്ട് തലയ്ക്ക് ഇടിക്കുകയും ചെയ്തു. ഇതേത്തുടർന്ന് മരണം സംഭവിച്ചു.രാത്രി പത്തിനുശേഷം ഗോപിയും ബാബുവും ചേർന്ന് മൃതദേഹം ഗോപിയുടെ പിക്അപ് ജീപ്പിൽ കയറ്റി പത്തു കിലോമീറ്റർ അകലെയുള്ള രാജാപ്പാറ മെട്ടിലേക്ക് കൊണ്ടുപോയി.
ചാക്കിൽ കെട്ടിയ മൃതദേഹം രണ്ടുപേരും ചേർന്ന് കൊക്കയിലേക്ക് തള്ളിയിട്ടു. കുത്തിറക്കമായതിനാൽ ഒരു കിലോമീറ്ററോളം ദൂരെ തമിഴ്നാടിനോടുചേർന്ന വനമേഖലയിലാണ് മൃതദേഹം പതിച്ചത്. പ്രതികളായ ഗോപിയെയും ബാബുവിനെയും കഴിഞ്ഞദിവസം രാജകുമാരിയിൽ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികളെ രാജാപ്പാറയിൽ തെളിവെടുപ്പിനെത്തിച്ചു.
പൂർണമായും അഴുകിയ മൃതദേഹം തിരിച്ചറിയാനാകാത്ത അവസ്ഥയിലാണ്. രാജീവ് ധരിച്ചിരുന്ന വസ്ത്രങ്ങൾ ബന്ധുക്കൾ തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതികളെ ഇന്നു കോടതിയിൽ ഹാജരാക്കും.