ചാത്തന്നൂർ: ക്ഷേത്രത്തോട് ചേ ർന്നുള്ള മൈതാനത്ത് ഉറങ്ങി കിടക്കവേ തലയിലൂടെ മിനി ബസ് കയറി യുവാവ് മരിച്ചു. കണ്ണനല്ലൂർ ചേരിക്കോണം തെക്കതിൽ (കുളങ്ങരതൊടിയിൽ ) വീട്ടിൽ രാജുവിന്റെയും പൊന്നമ്മയുടെ മകൻ രാജീവ് (28) ആണ് മരിച്ചത്. ഇന്ന് പുലർച്ചേ ഒന്നരയോടെയായിരുന്നു അപകടം.
കണ്ണനല്ലൂർ ധർമ്മശാസ്താ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി ക്ഷേത്രത്തിൽ മെഗാ ഷോ നടന്നുകൊണ്ടിരിക്കുകയായിരുന്നു. ഇത് കാണാനെത്തിയ രാജീവ് തൊട്ടടുത്തുള്ള മൈതാനത്തിൽ പോയി കിടന്നുറങ്ങി.
മൈതാനത്ത് പാർക്ക് ചെയ്തിരുന്ന മിനി ബസ് മുന്നോട്ട് എടുത്തപ്പോൾ ഒരു വികലാംഗന്റെ മുച്ചക്ര വാഹനത്തിൽ തട്ടി. ഇതറിഞ്ഞ് ക്ഷേത്രത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് അവിടേയ്ക്ക് വരുന്നത് കണ്ട് മിനി ബസ് ഡ്രൈവർ വീണ്ടും വാഹനം എടുത്തപ്പോഴാണ് രാജീവിന്റെ തലയിലൂടെ വീൽ കയറിയിറങ്ങിയത്. അപകട സ്ഥലത്തുവച്ചുതന്നെ മരിച്ചതായാണ് വിവരം.
മൃതദേഹം കൊട്ടിയത്തെ സ്വകാര്യാശുപത്രിലെത്തിച്ചു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. മേസ്തിരി പണിക്കാരനായിരുന്നു. കണ്ണനല്ലൂർ പോലീസ് കേസെടുത്തു.