ന്യൂഡൽഹി: അയോധ്യ ഭൂമിതർക്ക കേസ് വിധിക്കെതിരെ മുസ്ലിം കക്ഷികൾ നൽകിയ പുനപരിശോധനാ ഹർജിയിൽ കോടതിയിൽ ഹാജരാകുന്നതിൽനിന്ന് മുതിർന്ന അഭിഭാഷകൻ രാജീവ് ധവാനെ ഒഴിവാക്കി. ജമിയത് ഉലമ ഇ ഹിന്ദ് നൽകിയ പുനപരിശോധനാ ഹർജിയിൽ ഹാജരാകുന്നതിൽനിന്നാണ് രാജീവ് ധവാനെ ഒഴിവാക്കിയത്. ഫേസ്ബുക്ക് കുറിപ്പിലൂടെ രാജീവ് ധവാൻ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
തന്നെ മാറ്റിയതിൽ ആശങ്ക അറിയിച്ചും തീരുമാനം അംഗീകരിച്ചും ജമിയത് ഉലമ ഇ ഹിന്ദിന് കത്ത് അയച്ചിട്ടുണ്ട്. അനാരോഗ്യം മൂലമാണ് കേസിൽ ഹാജരാകുന്നതിൽനിന്ന് ഒഴിവാക്കിയതെന്ന വിശദീകരണം തെറ്റാണ്. ഇത് തികച്ചും അസംബന്ധമാണെന്നും ധവാൻ പറഞ്ഞു.
തിങ്കളാഴ്ചയാണ് അയോധ്യ വിധിക്കെതിരെ ജമിയത് ഉലമ ഇ ഹിന്ദ് പുനഃപരിശോധനാ ഹര്‍ജി നൽകിയത്. കേസിലെ മുഖ്യ കക്ഷികളിലൊരാളായിരുന്ന അന്തരിച്ച എം. സിദ്ദിഖിന്റെ പ്രതിനിധിയും ജമിയത് ഉലമ ഇ ഹിന്ദ് അധ്യക്ഷനുമായ മൗലാനാ സയിദ് ആഷാദ് റഷീദിയാണു ഹര്ജിക്കാരൻ.
വിധിയിലെ മുഴുവന്‍ കാര്യങ്ങളോടും എതിര്‍പ്പില്ല. എന്നാല്‍, ചില കാര്യങ്ങളില്‍ കോടതിക്കു വ്യക്തമായ പിഴവ് സംഭവിച്ചിട്ടുണ്ട്. ഹിന്ദുകക്ഷികള്‍ നടത്തിയ നിയമലംഘനങ്ങള്‍ അംഗീകരിക്കുന്നില്ലെന്ന് വ്യക്തമാക്കിയിട്ടും അവര്‍ക്കനുകൂലമായാണ് വിധി നല്‍കിയതെന്ന് ഹര്‍ജിയില്‍ പറയുന്നു.