ഒരു കാലത്ത് മലയാളികളെ പൊട്ടിച്ചിരിപ്പിച്ച മിമിക്രി കലാകാരനാണ് രാജീവ് കളമശ്ശേരി. മുന്‍ മുഖ്യമന്ത്രി എ.കെ ആന്റണിയുടെ അസാധാരണ രൂപസാദൃശ്യമാണ് രാജീവിന് ആരാധകരെ നേടിക്കൊടുത്തത്. എ.കെ ആന്റണി തന്നെയായിരുന്നു മിമിക്രിയിലും രാജീവിന്റെ മാസ്റ്റര്‍ പീസ്. എന്നാല്‍ ഓര്‍മകള്‍ മങ്ങി കലാജീവിതത്തില്‍ നിന്ന് അകന്നു കഴിയുകയാണ് അദ്ദേഹം. അപ്രതീക്ഷിതമായുണ്ടായ ഹൃദസ്തംഭനമാണ് രാജീവിന്റെ ജീവിതം മാറ്റിമറിച്ചത്.
ഈ അനശ്വര കലാകാരനെ ജീവിതത്തിലേക്ക് കൊണ്ടുവരാനുള്ള കഠിന ശ്രമത്തിലായിരുന്നു അദ്ദേഹത്തിന്റെ ബന്ധുക്കളും സുഹൃത്തുക്കളും. ജൂലൈ 12 ന് ടെലിവിഷന്‍ പരിപാടിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി വീട്ടിലെത്തിയ രാജീവിന് ഹൃദയസ്തംഭനംഉണ്ടാവുകയായിരുന്നു. തുടര്‍ന്ന് ആന്‍ജീയോ പ്ലാസ്റ്റി ചെയ്ത് വിശ്രമത്തിലിരിക്കെ കുഴഞ്ഞു വീണതിനെ തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ എത്തിച്ചു. പിന്നീട് നടത്തിയ പരിശോധനയില്‍ അസുഖമെല്ലാം മാറിയെന്നും പരിപാടികള്‍ അവതരിപ്പിക്കാമെന്നും ഡോക്ടര്‍ സാക്ഷിപ്പെടുത്തി. തുടര്‍ന്ന് വീട്ടില്‍ തിരിച്ചെത്തിയ രാജീവ് അരമണിക്കൂറിനകം വീണ്ടും അസ്വസ്ഥതകള്‍ കാണിക്കുകയായിരുന്നു. കടുത്ത തലവേദനയും വാക്കുകള്‍ ശരിക്ക് പറയാനാവാത്ത അവസ്ഥയിലാവുകയുമായിരുന്നു.
ഇന്ന് രാജീവിന്റെ ജീവിതം തികച്ചും ദുരിതപൂര്‍ണ്ണമാണ്. രോഗത്തോട് മല്ലിട്ട് ജീവിക്കുന്ന ഈ കലാകാരന് ഇനി ചിരിക്കാന്‍ സുമനസ്സുകളുടെ സഹായം ആവശ്യമാണെന്ന് അഭ്യര്‍ഥിക്കുകയാണ് നിര്‍മ്മാതാവ് ശാന്തിവിള ദിനേശ്. അടിയന്തരമായി ആന്‍ജിയോപ്ലാസ്റ്റി ആവശ്യമായ രാജീവിന് ഇനി ചിരിക്കണമെങ്കിലും ചിരിപ്പിക്കണമെങ്കിലും സുമനസ്സുകളുടെ സഹായം വേണമെന്ന് ഫേസ്ബുക്കിലൂടെയാണ് ആവശ്യപ്പെട്ടത്.
ശാന്തിവിള രമേശിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
രാജീവ് കളമശ്ശേരിയെ അറിയാത്ത മലയാളിയുണ്ടാവില്ല……. കഴിഞ്ഞ 26 വര്‍ഷമായി ഏകെ ആന്റണിയേയും, വെള്ളാപ്പള്ളി നടേശനയും, ഒ രാജഗോപാലിനേയും വേദികളില്‍ അവരെപ്പോലും അതിശയിപ്പിക്കുന്ന പ്രകടനം നടത്തുന്ന ആളാണ് രാജീവ്…..! പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന രാജീവിന്റെ സ്വകാര്യ ജീവിതം അത്ര സന്തോഷകരമല്ല…… പൊട്ടിച്ചിരിപ്പിച്ചവരുടെയൊന്നും സ്വകാര്യ ജീവിതം ഒരിക്കലും സന്തോഷപ്രദമായിരുന്നില്ല എന്നത് ചരിത്ര സത്യം……! രാജീവിന് പറക്കമുറ്റാത്ത അഞ്ച് പെണ്‍കുട്ടികളാണ്…… പെണ്‍കുട്ടികളല്ല ……. പെണ്‍കുഞ്ഞുങ്ങള്‍ ……! രാജീവിന്റേതല്ലാത്ത കാരണത്താല്‍ പിരിഞ്ഞ ആദ്യഭാര്യ മൂന്നു കുഞ്ഞുങ്ങളെ നല്‍കിപ്പോയി…… അവരെ നോക്കാന്‍ വന്ന രണ്ടാംഭാര്യയില്‍ രണ്ട്…..! പെട്ടന്നാണ് രാജീവ് രോഗിയായി മാറിയത്…… സുഹൃത്തുക്കള്‍ ഒരു പാട് സഹായിച്ചു….. ഭേദമായി വന്നതാണ്…. ഇപ്പോഴിതാ ഹൃദയം പിണങ്ങി…. കൊച്ചിയിലെ Renai Medicity യില്‍ കാര്‍ഡിയോളജി ചീഫ് ഡോക്ടര്‍ വിനോദിന്റെ ചികിത്സയിലായി.
അടിയന്തിരമായി ആഞ്ജിയോപ്‌ളാസ്റ്റി ചെയ്യണം ……. സുഹൃത്തുക്കളായ പട്ടണം റഷീദും, കലാഭവന്‍ റഹ്മാനും ഒക്കെ അതിനായുള്ള ഓട്ടത്തിലുമാണ്…… ഏകെ ആന്റണി, ഹൈബി ഈഡന്‍ മുതലായവരെ വിളിച്ച് സഹായം ചോദിച്ചു….. ചെയ്യാം എന്ന മറുപടിയും വന്നു….. മന്ത്രി ഏകെ ബാലനുമായും നല്ല ബന്ധമായിരുന്നു രാജീവിന്…….. ശ്രമങ്ങള്‍ തുടരാം…… രാജീവിനെ സ്‌നേഹിക്കുന്നവര്‍ ചെറിയ തുകകള്‍എങ്കിലും നല്‍കണം ഈ അവസരത്തില്‍ …… ഒന്നുമില്ലേലും നമ്മളെ കുറേ ചിരിപ്പിച്ചവനല്ലേ……. ബാങ്ക് അക്കൗണ്ട് വിവരം ചുവടെയുണ്ട്……. ഉപേക്ഷ വിചാരിക്കരുത്….. ഒരു നിലാരംബ കുടുംബത്തിന്റെ രോദനം കലാകാരനെ സ്‌നേഹിക്കുന്ന മനസുകള്‍ കേള്‍ക്കണം …… അദ്ദേഹം കുറിച്ചു.
ഓര്‍മ്മകള്‍ മങ്ങിയ രാജീവിന്റെ രോഗാവസ്ഥയറിഞ്ഞ് സാക്ഷാല്‍ എ.കെ ആന്റണിയുടെ ഫോണ്‍കോള്‍ എത്തിയത് ഏറെ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. രാജീവിന്റെ ആരോഗ്യനില നേരിട്ട് ചോദിച്ചറിയാനാണ് അദ്ദേഹം വിളിച്ചത്. എന്നാല്‍ തന്റെ ആരാധ്യപുരുഷന്റെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാനാവാതെ മടിച്ച് നില്‍ക്കുകയായിരുന്നു രാജീവ്. അവസാനം കൂടെയുണ്ടായിരുന്നവര്‍ പ്രോത്സാഹിപ്പിച്ചപ്പോഴാണ് ഏതാനും വാക്കുകള്‍ പറഞ്ഞത്.