മോഹൻലാലും മമ്മൂട്ടിയും മത്സരിച്ചഭിനയിച്ച ചിത്രമാണ് ഫാസിൽ സംവിധാനം ചെയ്ത ഹരികൃഷ്ണൻസ്. ചിത്രം കണ്ടവരാരും മറക്കാനിടയില്ലാത്ത ഒരു കഥാപാത്രമാണ് ഗുപ്തൻ.
ചെറിയ ഒരു വേഷമായിരുന്നു ചിത്രത്തിൽ ഗുപ്തനെങ്കിലും കഥ മുന്നോട്ട് നീങ്ങിയത് ഗുപ്തന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ടായിരുന്നു. പ്രശസ്ത സംവിധായകനും കാമറമാനുമായ രാജീവ് മേനോനായിരുന്നു ആ കഥാപാത്രത്തെ അവതരിപ്പിച്ചത്.
റോജയിൽ അരവിന്ദ് സ്വാമി ചെയ്ത കഥാപാത്രത്തിലേക്കായി ആദ്യം മണിരത്നം സമീപിച്ചത് രാജീവ് മേനോനെ ആയിരുന്നു. എന്നാൽ സിനിമോട്ടാഗ്രാഫിയിൽ എന്തെങ്കിലും ആകണമെന്ന ആഗ്രഹത്തിലായിരുന്നു ഇദ്ദേഹം.
പിന്നീട് മിൻസാരെ കനവ്, കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ, സർവം താളമയം തുടങ്ങിയ ചിത്രങ്ങൾ രാജീവ് സംവിധാനം ചെയ്തവയാണ്. ബോംബെ പോലുള്ള മികച്ച ചിത്രങ്ങൾക്ക് ഛായാഗ്രഹണം ചെയ്തും സിനിമാ മേഖലയിൽ തന്നെ പ്രശസ്തനായി രാജീവ്.
സോഷ്യൽമീഡിയ അത്ര സജീവമല്ലാത്ത സമയത്താണ് ഹരികൃഷ്ണൻസ് ഇറങ്ങിയത്. അതുകൊണ്ട് തന്നെ ഗുപ്തനെ അറിയാൻ ആരാധകർക്ക് കഴിഞ്ഞിരുന്നില്ല.
ഗസ്റ്റ് റോളിലെത്തിയ താരത്തെ പിന്നീട് മലയാള സിനിമയിൽ ഒന്നും കണ്ടിരുന്നുമില്ല. വർഷങ്ങൾക്കിപ്പുറമാണ് പ്രശസ്തനായ രാജീവ് മേനോനാണ് ഗുപ്തന്റെ വേഷം ചെയ്തതെന്ന് ആരാധകർ മനസിലാക്കിയത്. പ്രശസ്ത പിന്നണി ഗായിക കല്യാണി മേനോന്റെ മകനാണ് രാജീവ്.
-പി.ജി