വലിയ സിനിമാറ്റോഗ്രഫര്‍ ആണെങ്കിലും രാജീവിന് സെല്‍ഫിയെക്കുറിച്ച് വലിയ ബോധ്യം ഇല്ലെന്നു തോന്നുന്നു! പറവൂരിലെ ദുരിത മേഖലകളില്‍ നിന്ന് മാറാതെ നില്‍ക്കുന്ന രാജീവ് രവിയെക്കുറിച്ച് സഹപ്രവര്‍ത്തകര്‍ പറയുന്നു

നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയവും അതിന്റെ പ്രത്യാഘാതങ്ങളുമാണ് ഏതാനും നാളുകളായി കേരളം കണ്ടുകൊണ്ടിരിക്കുന്നത്. നിരവധിയാളുകള്‍ ദുരന്തത്തില്‍പെട്ടവര്‍ക്ക് സഹായങ്ങള്‍ എത്തിച്ചുകൊണ്ട് പ്രളയത്തിന്റെ തുടക്ക കാലത്തും ഇപ്പോഴും സജീവമാണ്. പ്രമുഖരും അല്ലാത്തവരുമായ നിരവധിയാളുകള്‍.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി മുന്നിട്ടിറങ്ങിയ നിരവധി പ്രമുഖരുണ്ടായിരുന്നു. അവരെല്ലാവരെയും ആളുകള്‍ മനസു തുറന്ന് അഭിനന്ദിക്കുകയും ചെയ്തു. എന്നാല്‍ ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ ആദ്യാവസാനം പങ്കെടുത്തെങ്കിലും ആരാലും ശ്രദ്ധിക്കപ്പെടാതെ പോയ കുറേയേറെ ആളുകളുണ്ട് അക്കൂട്ടത്തില്‍. സംവിധായകന്‍ രാജീവ് രവിയാണ് അതില്‍ ഒരാള്‍.

പ്രളയമേഖലയില്‍ രാജീവ് രവി നടത്തിയ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അദ്ദേഹത്തിന്റെ ഒരു സുഹൃത്ത് വെളിപ്പെടുത്തുമ്പോഴാണ് പുറംലോകം അറിയുന്നത്. പ്രളയസമയത്ത് പറവൂരിലെ ദുരിത ബാധിത പ്രദേശങ്ങളിലാണ് ഏത് സമയവും ഈ മനുഷ്യനെന്ന് രാജീവിനെ അടുത്തറിയുന്നവര്‍ പറയുന്നു.

ബോംബെയില്‍ നിന്നും കൊല്‍ക്കത്തയില്‍ നിന്നുമൊക്കെ സഹായവുമെത്തുന്ന സിനിമാപ്രവര്‍ത്തകരെ ഏകോപിപ്പിക്കുന്നത് രാജീവാണ്. ഇതെകുറിച്ച് മാധ്യമപ്രവര്‍ത്തകനായ രവിവര്‍മ്മ പങ്കുവച്ച കുറിപ്പാണ് സോഷ്യല്‍ ലോകം ഏറ്റെടുക്കുന്നത്. ‘ഇന്ത്യയിലെ മികച്ച സിനിമാറ്റോഗ്രാഫര്‍മാരില്‍ ഒരാളായ രാജീവിന് പക്ഷെ സെല്‍ഫി എടുക്കാന്‍ വലിയ പിടിയില്ലെന്നു തോന്നുന്നു. ഫേസ് ബുക്കില്‍ ഒന്നും കാണുന്നില്ല.’ അദ്ദേഹം കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

”ഇന്നലെ അച്യുതന്‍ കുട്ടി വന്നു. അച്യുതന്‍ കുട്ടി സത്യജിത്റായ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സംവിധാനം പഠിക്കുന്നു. പൊതു വിഷയം സിനിമയും സിനിമാക്കാരും ആയി. രാജീവ് രവിയുടെ സിനിമകളും പ്രവര്‍ത്തന രീതിയും വിഷയമായി.

അച്യുതന്‍ കുട്ടി: ആ മനുഷ്യന്‍ പറവൂരിലെ ദുരിത ബാധിത പ്രദേശങ്ങളില്‍ നിന്ന് ഇതുവരെ മാറിയിട്ടില്ല. ഒരുപാട് സഹ സംസ്ഥാനങ്ങളില്‍ നിന്ന് ഇപ്പോഴും ട്രക്കുകള്‍ അത്യാവശ്യ സാധനങ്ങളുമായി എത്തുന്നു.

കൊല്‍െക്കത്തയില്‍ നിന്നും ബോബെയില്‍ നിന്നുമൊക്കെ സിനിമാ വിദ്യാര്‍ത്ഥികളും മറ്റും എത്തിയിരുന്നു. പലരും ഇപ്പോഴും തിരിച്ചു പോയിട്ടില്ല. പ്രവര്‍ത്തനത്തില്‍ ആണ്. സിനിമാ കലക്ടീവിന്റെ പേരിലാണ് സംഭാവനകള്‍. ധരാജീവിന്റെ ബാന്നര്‍ ആണത് പ ഒരു വടവൃക്ഷം പോലെ, നിശബ്ദമായി രാജീവ്. ട്രക്കുകള്‍ അയച്ചത് രാജീവിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന്…. അച്യുതന്‍ കുട്ടി പറഞ്ഞു കൊണ്ടിരുന്നു ……….

ഇന്ത്യയിലെ മികച്ച സിനിമാറ്റോഗ്രാഫര്‍മാരില്‍ ഒരാളായ രാജീവിന് പക്ഷെ സെല്‍ഫി എടുക്കാന്‍ വലിയ പിടിയില്ലെന്നു തോന്നുന്നു. ഫേസ് ബുക്കില്‍ ഒന്നും കാണുന്നില്ല.”

Related posts