മാഹി: കോവിഡ് മഹാമാരിയിൽ എല്ലാ മേഖലയും തളർന്നതിന് സമാനമായി ഹയർ ഗുഡ്സ് സ്ഥാപനങ്ങളെയും ബാധിച്ചതായി 27 വർഷത്തോളം ഹയർ ഗുഡ്സ് രംഗത്തുള്ള ചമ്പാട് സ്വദേശി രാജീവൻ പറയുന്നു.
മൂഴിക്കരയിൽ പാതയോരത്താണ് രാജീവന്റെ ഹയർ ഗുഡ്സ് കട പ്രവർത്തിക്കുന്നത്. എല്ലാം ശരിയാകുമെന്ന് കരുതി ലോക്ക്ഡൗൺ തുടങ്ങിയ ശേഷം തന്റെ കട അടച്ചതാണ്. ഇനിയും കാത്തു നിന്നാൽ എല്ലാം അവതാളത്തിലാകുമെന്ന ആശങ്കയിൽ കഴിഞ്ഞ ദിവസം തന്റെ ഗോഡൗണിൽ പലചരക്ക് വ്യാപാരം തുടങ്ങി.
ഗോഡൗണിൽ സൂക്ഷിച്ചിരുന്ന വാടക സാധനങ്ങൾ സ്വന്തം വീട്ടിലേക്ക് മാറ്റിയാണ് രാജീവൻ പഴയ മേഖല ഉണർവ് വരുന്നതുവരെ അനാദി കച്ചവടത്തിൽ ഏർപ്പെട്ടിരിക്കുന്നത്. സഹായത്തിനായി ഭാര്യയും മകനുമുണ്ട്.
കല്യാണ സീസൺ, മറ്റ് ഉത്സവ ആഘോഷങ്ങൾ എന്നിവ തുടങ്ങിയതോടെയായിരുന്നു കോവിഡ് പശ്ചാത്തലത്തിൽ ലോക്ക്ഡൗൺ തുടങ്ങിയത്. കല്യാണ ഓർഡറുകളെല്ലാം റദ്ദ് ചെയ്തതോടെ ഭീമമായ നഷ്ടവും സംഭവിച്ചു.
കല്യാണപ്പന്തലും മറ്റും ഒരുക്കുന്ന തുണിത്തരങ്ങൾക്ക് പൂപ്പൽ വന്നു കഴിഞ്ഞതായി രാജീവൻ പറയുന്നു. ജനറേറ്ററുകൾ മാസങ്ങളായി നിശ്ചലമായി കിടക്കുകയാണ്. ഇത് ഓടാതിരുന്നാൽ കേടാവും. ബിരിയാണിയും മറ്റും തയാറാക്കുന്ന വലിയ ചെമ്പുകൾ ഉപയോഗിക്കാത്തതിനാൽ കറപിടിച്ചു.
ഇനിയും കൂടുതൽ നാൾ ഉപയോഗിക്കാതിരുന്നാൽ നഷ്ടത്തിന്റെ കണക്ക് ഇരട്ടിയാവും. ഈ സാഹചര്യത്തിൽ കല്യാണ പരിപാടികൾക്ക് 200 പേരെയെങ്കിലും പങ്കെടുപ്പിക്കുവാൻ സർക്കാർ അനുവാദം നൽകിയാൽ
ഒരു ചെറിയ പന്തലിനും പാചകത്തിനുമായി സാമഗ്രികൾ ആവശ്യമായി വരുമ്പോൾ സാവധാനം സാമഗ്രികൾക്ക് നാശം സംഭവിക്കാതെയാവുമെന്നും, ചെറിയ വരുമാനം ലഭിക്കുമെന്നും രാജീവൻ പറയുന്നു:
ഇതേ ആവശ്യം ഉന്നയിച്ച് ഹയർ ഗുഡ്സ് ഓണേർസ് അസോസിയേഷൻ കഴിഞ്ഞ ഓഗസ്റ്റ് 15 ന് സംസ്ഥാനത്തെ എല്ലാ എംപിമാർക്കും, എംഎൽഎമാർക്കും നിവേദനം നൽകിയിട്ടുണ്ടെന്നും ഈ വ്യാപാരി പറഞ്ഞു.