ഇരിങ്ങാലക്കുട: മുൻ പ്രധാനമന്ത്രി രാജീവ്ഗാന്ധിയോടുള്ള ബഹുമാനാർഥമാണ് നഗരസഭാ ടൗണ്‍ഹാളിന് രാജീവ്ഗാന്ധി ടൗണ്‍ഹാൾ എന്ന് നാമകരണം ചെയതത്. എന്നാൽ ഈ ഹാളിനു മുന്നിൽ സ്ഥാപിച്ചിരിക്കുന്ന പ്രതിമ അദ്ദേഹത്തോടുള്ള അവഹേളനത്തിന്റെ മറ്റൊരു മുഖമായി മാറുന്നു. കഴിഞ്ഞ യുഡിഎഫ് ഭരണസമിതിയുടെ കാലത്ത് ടൗണ്‍ഹാൾ നവീകരിച്ചതോടെ നാമകരണത്തെ ചൊല്ലി ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ വിവാദം മുറുകി.
പത്മഭൂഷൻ അമ്മന്നൂർ മാധവചാക്യാരുടെ പേരിടണമെന്ന് ബിജെപിയും രണ്ടുതവണ മണ്ഡലത്തിൽനിന്നും ജയിക്കുകയും മുഖ്യമന്ത്രി ആകുകയും ചെയ്ത സി. അച്ചുമേനോന്റെ പേര് നൽകണമെന്ന് സിപിഐയും ആവശ്യപ്പെട്ടു.അവസാനും ഭരണകക്ഷിയായ കോണ്‍ഗ്രസ് മുൻ പ്രധാനമന്ത്രി രാജീവ്ഗാന്ധിയുടെ പേരിടണമെന്ന തീരുമാനത്തിൽ ഉറച്ചുനിന്നു. എന്നാൽ ഈ ഹാളിനു മുന്നിൽ സ്ഥാപിച്ച രാജീവ്ഗാന്ധിയുടെ പ്രതിമക്കാണ് ശാപമോക്ഷമാകാത്തത്.
2014 ജനുവരി 25 നാണ് 75 ലക്ഷം രൂപയോളം ചെലവാക്കി നവീകരിച്ച നഗരസഭ ടൗണ്‍ഹാളിന്റെ ഉദ്ഘാടനം നടന്നത്. കേരള സംസ്ഥാന നഗരകാര്യ മന്ത്രി മഞ്ഞളാംകുഴി അലിയായിരുന്നു ഉദ്ഘാടകൻ. നവീകരിച്ച ടൗണ്‍ഹാളിനു മുന്നിൽ രാജീവ്ഗാന്ധിയുടെ അർധകായ പ്രതിമയും സ്ഥാപിച്ചു.
ആദ്യം അർധകായ അവസ്ഥയിലായിരുന്ന പ്രതിമ വിമർശനങ്ങൾ ഉടലെടുത്തതോടെ പിന്നീട് പൂർണകായ അവസ്ഥയിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ പ്രതിമയുടെ സംരക്ഷണത്തിൽ നഗരസഭ അലംഭാവമാണ് കാണിക്കുന്നതെന്ന് വ്യാപക പരാതിയുണ്ട്. ഉയർന്നുനിൽക്കുന്ന കൈകളിലെ വിരലുകൾ അറ്റു തുടങ്ങിയാണ് പ്രതിമയുടെ നാശം ആരംഭിച്ചിരിക്കുന്നത്.
പ്രതിമ സ്ഥാപിച്ച് നാലുവർഷം പിന്നിടുന്പോൾ സ്വർണരൂപത്തിൽ സ്ഥാപിച്ച വാനിലേക്ക് കൈയും ഉയർത്തി നിൽക്കുന്ന പ്രതിമയ്ക്ക് കൈവിരലുകൾ ഇല്ലാതായി. നിർമാണത്തിലെ അപാകതമൂലം പ്രതിമയുടെ പല ഭാഗങ്ങളും വിണ്ടുതുടങ്ങി. തറയുടെ ടൈലുകൾ ഇളകി പൊളിഞ്ഞുതുടങ്ങി. മുഖം വിണ്ടുകീറി തകരാൻ തുടങ്ങിനിൽക്കുന്ന അവസ്ഥയാണ്.
പ്രമുഖ വ്യവസായി ഡോ. ഇ.പി. ജനാർദ്ദനനാണ് പ്രതിമ നഗരസഭയ്ക്കു സംഭാവന ചെയ്തത്. രാജ്യംകണ്ട കരുത്തനായ ഒരു രാഷ്ട്രീയ നേതാവിന്റെ പ്രതിമയോട് അതേ രാഷ്ട്രീയകക്ഷി കാണിക്കുന്ന അവഗണനയാണ് ഇന്ന് ടൗണ്‍ഹാളിലെ രാജീവ്ഗാന്ധി പ്രതിമയ്ക്കുമുള്ളത്. എന്നാൽ രാജീവ്ഗാന്ധി പ്രതിമയെ നഗരസഭ പാടെ മറന്നുതുടങ്ങിയെന്നാണ് പരമാർഥം.