ന്യൂഡൽഹി: രാജ്യത്ത് വലിയ സാന്പത്തിക മാന്ദ്യമുണ്ടെന്ന് തുറന്ന് സമ്മതിച്ച് നീതി ആയോഗ്. കഴിഞ്ഞ 70 വർഷത്തിനിടെ അഭിമുഖീകരിക്കാത്ത സാഹചര്യമാണ് സർക്കാർ ഇപ്പോൾ നേരിടുന്നതെന്നും അസാധാരണമായ ഈ പ്രതിഭാസത്തെ അസാധരണ രീതിയിൽ നേരിടേണ്ടിവരുമെന്നും നീതി ആയോഗ് വൈസ് ചെയർമാൻ രാജീവ് കുമാർ പറഞ്ഞു.
നോട്ട് നിരോധനവും ജി എസ് ടിയും ഇൻസോൾവൻസി ആൻഡ് ബാങ്ക്റപ്റ്റ്സി കോഡും കാര്യങ്ങളെ മാറ്റിമറിച്ചു. നേരത്തെ 35 ശതമാനം പണവിനിമയമുണ്ടായിരുന്നത് ഇപ്പോൾ ഇതിലും വളരെ താഴെയാണ്. നോട്ട് നിരോധനവും ജി എസ് ടിയുമെല്ലാം സങ്കീർണമായ സാഹചര്യമാണുണ്ടാക്കിയത്. ഇതിനൊന്നും എളുപ്പത്തിൽ ഉത്തരമില്ല – രാജീവ് കുമാർ പറയുന്നു.
സാന്പത്തിക മേഖലയിൽ പണലഭ്യതയുടെ പ്രശ്നമുണ്ട്. സന്പദ് വ്യവസ്ഥയിലെ സ്വകാര്യ നിക്ഷേപം ദുർബലമാണ്. 70 വർഷത്തിനിടെ അഭിമുഖീകരിക്കാത്ത സാഹചര്യമാണ് സർക്കാർ ഇപ്പോൾ നേരിടുന്നത്. സാന്പത്തിക മേഖല മുഴുവനും പ്രതിസന്ധിയിലാണ്, ആരെയും ആരും വിശ്വസിക്കുന്നില്ല.
അസാധാരണ സാഹചര്യത്തിൽ അസാധാരണമായ നടപടികൾ സ്വീകരിക്കേണ്ടിവന്നേക്കാം. സ്വകാര്യമേഖലയുടെ ഈ അവിശ്വാസം മാറ്റിയെടുക്കാൻ ആവശ്യമായ നടപടികൾ സർക്കാർ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.സർക്കാരും സ്വകാര്യമേഖലയും തമ്മിലുള്ള അവിശ്വാസത്തിന്റെ പ്രശ്നമല്ലിത്. ആരും ആർക്കും വായ്പ നൽകാൻ തയാറാകുന്നില്ല. എല്ലാവരും പണത്തിനുമേൽ അടയിരിക്കുകയാണ്.
അതിനാൽ സന്പദ് വ്യവസ്ഥ മുന്നോട്ട് ചലിക്കുന്നില്ലെന്നും രാജീവ് കുമാർ അഭിപ്രായപ്പെട്ടു.2009-14 കാലത്തെ (രണ്ടാം യുപിഎ സർക്കാരിൻറെ കാലത്ത്) അനിയന്ത്രിതമായ പണ വിതരണവും വായ്പ നൽകലുമാണ് ഇതിന് കാരണമെന്ന് രാജീവ് കുമാർ കൂട്ടിച്ചേർത്തു. ഇത് വലിയ തോതിൽ നിഷ്ക്രിയ ആസ്തി വർധിക്കാനിടയാക്കി.
നിഷ്ക്രിയ ആസ്തി ക്രമാതീതമായി വർധിച്ചത് ബാങ്കുകളുടെ വായ്പ നൽകൽ ശേഷി കുറച്ചു. ഇതിനിടയിൽ സമാന്തര ബാങ്കുകൾ വ്യാപകമായി വായ്പ നൽകുന്ന നിലയുണ്ടായി. ബാങ്ക് ഇതര ധന സ്ഥാപനങ്ങൾക്ക് ഈ സാഹചര്യം കൈകാര്യം ചെയ്യാനായില്ല.
വളർച്ച കുറഞ്ഞു
രാജ്യത്തിന്റെ വളർച്ച 0.2 ശതമാനം കുറഞ്ഞു. ഐഎംഎഫ് (ഇന്റർനാഷണൽ മോണിട്ടറി ഫണ്ട്) ഇന്ത്യയുടെ റേറ്റിംഗ് 7.3 ൽ നിന്ന് ഏഴ് ശതമാനമായി കുറച്ചു. അടുത്ത സാന്പത്തിക വർഷം ഇത് 7.2 ശതമാനം ആകുമെന്നാണ് കരുതുന്നതെന്നും രാജീവ് കുമാർ പറഞ്ഞു.