യുവനടൻ ഷെയ്ൻ നിഗത്തിനെതിരായ വിലക്കിനെ എതിർത്ത് സംവിധായകനും ഛായാഗ്രഹകനുമായ രാജീവ് രവി. സിനിമാ നിർമാതാക്കളുടെ സംഘടന ഷെയ്നെ സിനിമയിൽനിന്നു വിലക്കിയാൽ ഷെയ്നിനെ തന്റെ അസിസ്റ്റന്റാക്കുമെന്നും അദ്ദേഹത്തെവച്ചു സിനിമ ചെയ്യുമെന്നും രാജീവ് രവി ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
ഷെയ്ൻ അച്ചടക്കലംഘനം നടത്തിയെങ്കിൽ താൻ അതിനെ ന്യായീകരിക്കുന്നില്ല. എന്നാൽ അതിന്റെ പേരിൽ വിലക്ക് ഏർപ്പെടുത്തുകയെന്നതു തീർത്തും തെറ്റായ നടപടിയാണ്. ഷെയ്നിന്റെ പ്രായം വെറും 22 വയസാണ്. ചെറിയ പയ്യനാണ്. അവന്റെ വ്യക്തിപരമായ അഭിപ്രായങ്ങളെല്ലാം സ്വന്തം കാര്യമാണ്. അതവൻ പറയുന്നതിനെ തടയാൻ ആർക്കും സാധിക്കില്ല. വളരെ കഴിവുള്ള നടനാണ്. അവനെ ജനങ്ങൾ കൈവിടില്ലെന്ന് ഉറപ്പുണ്ടെന്നും രാജീവ് രവി പറഞ്ഞു.
ഷെയ്ൻ നിഗം കലാകാരനാണ്. അതുകൊണ്ടു തന്നെ അവൻ പ്രകോപിതനാകും, ആകണം. ഷെയ്നിന്റെ പ്രായം പരിഗണിച്ചു കാര്യങ്ങൾ പറഞ്ഞു മനസിലാക്കി ഗ്രൂം ചെയ്യുകയാണു വേണ്ടത്. അല്ലാതെ മമ്മൂട്ടിയും മോഹൻലാലുമായി താരതമ്യപ്പെടുത്തുകയല്ല വേണ്ടതെന്നും രാജീവ് രവി കൂട്ടിച്ചേർത്തു.
50-60 വയസുള്ള ആളുകൾ ഇരുന്ന് ഇരുപത്തിരണ്ടുകാരനെ വിധിക്കുന്പോൾ, അവരൊക്കെ ആ പ്രായത്തിൽ എന്തൊക്കെയാണു ചെയ്തിരുന്നതെന്ന് ചിന്തിക്കണം. ഷെയ്നെതിരെ ഏകപക്ഷീയമായ ആക്രമണമാണു നടക്കുന്നതെന്നും സംഘടനകളിൽ കുറച്ചുകൂടി ജനാധിപത്യപരമായി ചിന്തിക്കുന്ന ആളുകളുണ്ടെന്നാണ് താൻ കരുതുന്നതെന്നും രാജീവ് രവി അഭിപ്രായപ്പെട്ടു.