കോട്ടയം: ഇതരസംസ്ഥാന തൊഴിലാളി വെട്ടേറ്റുമരിച്ച സംഭവം മുൻ വൈരാഗ്യത്തെത്തുടർന്നുണ്ടായ തർക്കമെന്ന് പോലീസ്.
ഇന്നലെ കോട്ടയം നാഗന്പടത്താണ് ഇതരസംസ്ഥാന തൊഴിലാളികൾ തമ്മിലുണ്ടായ തർക്കത്തിൽ ഒറീസ ബരംപൂർ സ്വദേശി ശിശിറാ (30) മരിച്ചത്. പ്രതിയായ ഒറീസ ബരംപൂർ സ്വദേശി രാജേന്ദ്ര റെഡി (40) യെ ഈസ്റ്റ് പോലീസ് കസ്റ്റഡിയിലെടുത്തു.
മുൻവൈരാഗ്യത്തെ തുടർന്നുണ്ടായ തർക്കത്തിനൊടുവിൽ തന്നെ ആക്രമിക്കുമെന്ന് ഭയന്ന രാജേന്ദ്ര റെഡി ശിശിറിനെ വെട്ടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. രാജേന്ദ്ര റെഡി ഒരു വർഷം മുന്പും ശിശിർ മൂന്ന് മാസം മുന്പുമാണ് കേരളത്തിലെത്തിയത്.
രാജേന്ദ്ര റെഡി നാഗന്പടം ഉഴത്തിൽ ലെയ്നിലും ശിശിർ തിരുവഞ്ചൂരിലുമാണ് താമസിക്കുന്നത്. ഇരുവരും ബരംപൂറിലെ അയൽവാസികളാണ്. നാട്ടിൽവെച്ച് ശിശിർ രാജേന്ദ്ര റെഡിയുടെ ഭാര്യയെയും മക്കളെയും കളിയാക്കുകയും ആക്രമിക്കുകയും ചെയ്തിരുന്നു.
ഇതിനുശേഷമാണ് ഇയാൾ കേരളത്തിലേക്ക് വന്നത്. ശിശിർ രാജേന്ദ്ര റെഡിയെ ഫോണ് വിളിച്ച് പ്രകോപനപരമായ രീതിയിൽ മുന്പ് സംസാരിച്ചിരുന്നു.
ഇന്നലെ രാജേന്ദ്ര റെഡി മുന്ന എന്നയാളുടെ ഫോണിൽ നിന്നും ശിശിറിനെ ഫോണ് വിളിച്ചശേഷം നാഗന്പടം റെയിൽവേ ഗുഡ്ഷെഡ് റോഡിന് സമീപത്തെ ആളൊഴിഞ്ഞ ഭാഗത്തെത്താൻ ആവശ്യപ്പെട്ടു.
ഇവിടെയെത്തിയ ഇരുവരും തമ്മിൽ തർക്കമുണ്ടായി. ഈ സമയം ശിശിർ കൈവശം കരുതിയ വടിവാളിനു സമാനമായ ആയുധം ഉപയോഗിച്ച് രാജേന്ദ്ര റെഡിയെ ആക്രമിക്കാൻ ഒരുങ്ങി.
രാജേന്ദ്ര റെഡി ആയുധം പിടിച്ചുവാങ്ങി ശിശിറിനെ വെട്ടുകയായിരുന്നു. കഴുത്തിൽ വെട്ടേറ്റ ശിശിർ സംഭവസ്ഥലത്ത് തന്നെ മരിച്ചു.
ശിശിറിന്റെ ഒപ്പമുണ്ടായിരുന്ന മൂന്നു പേർ രാജേന്ദ്ര റെഡിയെ പിടികൂടാൻ ശ്രമിച്ചെങ്കിലും ഇവരെ തള്ളിമാറ്റി രാജേന്ദ്ര റെഡി റെയിൽവേ പോലീസ് സ്റ്റേഷനിലെത്തി കൊലപാതകവിവരം അറിയിക്കുകയായിരുന്നു.
സംഭവ സ്ഥലത്തുണ്ടായിരുന്ന തൊഴിലാളികളും റെയിൽവേ പോലീസും ഈസ്റ്റ് പോലീസിൽ വിവരം അറിയിച്ചു. തുടർന്ന് റെയിൽവേ പോലീസ് പിടികൂടിയ പ്രതിയെ ഈസ്റ്റ് പോലീസ് കസ്റ്റഡിയിൽ വാങ്ങി.
ജില്ലാ പോലീസ് ചീഫ് ഡി. ശില്പയുടെ നേതൃത്വത്തിൽ ഡിവൈഎസ്പി ജെ. സന്തോഷ്കുമാർ, വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫീസർ ഇൻസ്പെക്്ടർ അനൂപ് കൃഷ്ണ, എസ്ഐ അനുരാജ് എന്നിവരുടെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്ത് എത്തി.
രാജേന്ദ്ര റെഡിയുടെ ഭാര്യയോട് ശിശിർ മോശമായി പെരുമാറിയതിനെ തുടർന്നുണ്ടായ പ്രകോപനമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
അന്വേഷണത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്ന് ഡിവൈഎസ്പി ജെ. സന്തോഷ് കുമാർ പറഞ്ഞു.ശിശിറിനെ വെട്ടാൻ ഉപയോഗിച്ച ആയുധം കണ്ടെടുത്തിട്ടില്ല. ഇൻക്വസ്റ്റ് നടപടികൾക്കുശേഷം മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.