ചെന്നൈ: വിരമിക്കാൻ മിനിറ്റുകൾ ബാക്കിനിൽക്കെ ഗുഡ്ക അഴിമതിക്കേസിൽ ഉൾപ്പെട്ട ഐപിഎസ് ഉദ്യോഗസ്ഥനെ ഡിജിപിയായി നിയമിച്ചു തമിഴ്നാട് സർക്കാർ. ഇന്റലിജൻസ് ഡിജിപിയായിരുന്ന രാജേന്ദ്രനെ വെള്ളിയാഴ്ച രാത്രിയാണ് സർക്കാർ ക്രമസമാധന ചുമതലയുള്ള ഡിജിപിയായി നിയമിച്ചത്.
ജൂണ്‍ 30ന് വിരമിക്കാനിരുന്ന രാജേന്ദ്രന്റെ കാലാവധി നീട്ടിക്കൊണ്ടുള്ള ഉത്തരവിൽ മുഖ്യമന്ത്രി എടപ്പാടി പളനിസാമി ഒപ്പുവച്ചു. വെള്ളിയാഴ്ച രാത്രി രാജന്ദ്രേനെ തമിഴ്നാട് പോലീസ് മേധാവിയായി സർക്കാർ നിയമിക്കുകയായിരുന്നു. വെള്ളിയാഴ്ച രാത്രി 11.30ന് അദ്ദേഹം ചുമതലയേറ്റു. ഇതോടെ 2019 ജൂണ്‍ 30 വരെ രാജേന്ദ്രന് ഡിജിപി സ്ഥാനത്തുതുടരാം. നിരോധിത പുകയില ഉൽപന്നങ്ങളുടെ വിൽപന നടത്തുന്നവരിൽനിന്ന് കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിന് വിധേയനായ ഉദ്യോഗസ്ഥനാണ് രാജേന്ദ്രൻ.
കഴിഞ്ഞ വർഷം സെപ്റ്റംബറിൽ മുൻ ഡിജിപിയായ അശോക് കുമാർ വോളന്ററി റിട്ടയർമെന്റ് വാങ്ങി പോയശേഷം രാജേന്ദ്രൻ ക്രമസമാധന ചുമതലയുള്ള ഡിജിപിയുടെ അധിക ചുമതല വഹിച്ചുവരികയായിരുന്നു. തിരുവണ്ണാമല സ്വദേശിയായ രാജേന്ദ്രൻ 1984 ബാച്ച് ഐപിഎസ് ഓഫീസറാണ്. പ്രകാശ് സിംഗ് കേസിൽ സുപ്രീം കോടതി നിർദേശമനുസരിച്ച് രാജേന്ദ്രൻ ഓഫീസ് രണ്ടു വർഷത്തോളം ചുമതലകളിൽനിന്നു വിട്ടുനിന്നിരുന്നു.