കുറ്റിപ്പുറം: തമിഴ്നാട് തിരുനെൽവേലി സ്വദേശി മുരുകൻ ചികിത്സ ലഭിക്കാതെ മരിച്ച സംഭവം കഴിഞ്ഞ് അധികം വൈകും മുന്പ് കുറ്റിപ്പുറത്ത് വെട്ടേറ്റ തമിഴ്നാട് സ്വദേശിയായ യുവാവിനു ചികിത്സ നിഷേധിച്ച കേരളത്തിലെ മെഡിക്കൽ കോളജുകളുടെ അനാസ്ഥയ്ക്കെതിരെ പ്രതിഷേധം ശക്തം. തിരുച്ചിറപ്പള്ളി അരിയലൂർ സ്വദേശി രാജേന്ദ്രൻ (36) ആണ് തൃശൂർ, കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രികളുടെ അവഗണനയ്ക്കിരയായത്.
സംഭവം വിവാദമായതിനെത്തുടർന്നു ആരോഗ്യവകുപ്പ് പ്രാഥമികാന്വേഷണം നടത്തും. പോലീസും ഇതുസബന്ധിച്ചു ആശുപത്രി അധികൃതരിൽ നിന്നു വിവരങ്ങൾ ശേഖരിക്കും. വെട്ടേറ്റു ചികിത്സയിൽ കഴിയുന്ന രാജേന്ദ്രനിൽനിന്നു മൊഴിയെടുക്കാനായി കുറ്റിപ്പുറം എസ്ഐ നിപുൻ ശങ്കറുടെ നേതൃത്വത്തിൽ പോലീസ് സംഘം കോയന്പൂത്തൂരിലേക്ക് തിരിച്ചിട്ടുണ്ട്. കോഴിക്കോടും തൃശൂരും ചികിത്സ ലഭിക്കാത്തതിനെ തുടർന്നു സുഹൃത്തുക്കൾ രാജേന്ദ്രനെ കോയന്പത്തൂരിലെ ആശുപത്രിയിൽ കൊണ്ടുപോകുകയായിരുന്നു. വെട്ടേറ്റു തൂങ്ങിയ കാൽപാദവുമായി 350 കിലോമീറ്ററിലധികം സഞ്ചരിച്ചാണ് ഇയാൾക്ക് ചികിത്സ നൽകിയത്.
ശനിയാഴ്ച രാത്രി പത്തരയ്ക്കാണു സംഭവം. കുറ്റിപ്പുറം പഴയ റെയിൽവേ ഗേറ്റിനു സമീപത്തുള്ള വാടകവീട്ടിലെ താമസക്കാരനായ രാജേന്ദ്രനും ബന്ധു കോടീശ്വര(38)നും തമ്മിൽ മദ്യപാനത്തിനിടെ തർക്കമുണ്ടാവുകയായിരുന്നു. വെട്ടുകത്തിയെടുത്ത് കോടീശ്വരൻ രാജേന്ദ്രന്റെ കാലിൽ വെട്ടുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു. വെട്ടേറ്റ് കാൽപാദം ഒടിഞ്ഞുതൂങ്ങി. കൈയ്ക്കും പരിക്കേറ്റു. തുടർന്നു രാജേന്ദ്രനെ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശൂർ മെഡിക്കൽ കോളജിലുമെത്തിച്ചു. അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും കോഴിക്കോട്ടേക്കോ കോട്ടയത്തേക്കോ മാറ്റണമെന്നു ഡോക്ടർ നിർദേശിച്ചതായി സുഹൃത്തുക്കൾ പറയുന്നു. പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും രാത്രിയിൽ ശസ്ത്രക്രിയ നടക്കില്ലെന്നും കൊണ്ടുപൊയ്ക്കൊള്ളാനും അധികൃതർ പറഞ്ഞതായി സുഹൃത്തുക്കൾ പറയുന്നു.
പണം കെട്ടിവച്ചാൽ ചികിത്സിക്കാമെന്ന് ചിലർ അറിയിച്ചെന്നും ഒപ്പമുണ്ടായിരുന്നവർ പറയുന്നു. എന്നാൽ അതിനു നിൽക്കാതെ രാജേന്ദ്രനെ കോയന്പത്തൂരിലേക്ക് കൊണ്ടുപോയി അടിയന്തിരശസ്ത്രിയക്ക് വിധേയനാക്കുകയായിരുന്നു. അതേസമയം, രാജേന്ദ്രനു ചികിത്സ നിഷേധിക്കപ്പെട്ടെന്ന വിവരം അടിസ്ഥാനരഹിതമാണെന്നാണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി അധികൃതർ പറയുന്നത്. ഞായറാഴ്ച രാവിലെ ആറരയോടെ കൊണ്ടുവന്ന രാജേന്ദ്രനെ തീവപരിശോധന വിഭാഗത്തിൽ പ്രാഥമിക ശ്രുശ്രൂഷ നൽകിയിരുന്നു. ശസ്ത്രക്രിയ വേണമെന്നു പറഞ്ഞപ്പോൾ ജ·നാടായ തമിഴ്നാട്ടിൽ ചികിത്സ സൗജന്യമാണെന്നും അവിടേക്ക് പോകണമെന്നും രോഗി തന്നെയാണ് ആവശ്യപ്പെട്ടതെന്നും ആശുപത്രി അധികൃതർ പറഞ്ഞു.
കോയന്പത്തൂരിലേക്ക് പോകുന്നതിനായി ആംബുലൻസ് സൗകര്യം ഏർപ്പെടുത്തിയതും ആശുപത്രി ജീവനക്കാർ തന്നെയാണ്്. പണം ആവശ്യപ്പെട്ടതിനാൽ ചികിത്സ നിഷേധിച്ചെന്ന വാർത്ത ശരിയല്ലെന്നു തൃശൂർ മെഡിക്കൽ കോളജ് അധികൃതരും പറഞ്ഞു. വെട്ടേറ്റ് എത്തിയ രോഗിക്ക് രക്തക്കുഴലിനു ശസ്ത്രക്രിയ ആവശ്യമായിരുന്നു. അതിനുള്ള സൗകര്യം ഇല്ലാത്തതുകൊണ്ടു കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്യുകയായിരുന്നുവെന്നു തൃശൂർ മെഡിക്കൽ കോളജ് അധികൃതർ പറഞ്ഞു. അതേസമയം, വെട്ടിയ കോടീശ്വരനായി കുറ്റിപ്പുറം പോലീസ് വല വിരിച്ചിട്ടുണ്ട്. പ്രതി കേരളം വിട്ടതായാണ് സൂചന. തീവണ്ടി മാർഗം തമിഴ്നാട്ടിലേക്ക് കടന്നതായി കുറ്റിപ്പുറം പോലീസ് അറിയിച്ചു.
റോഡ് അപകടത്തിൽ പരുക്കേറ്റു തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ച തിരുനെൽവേലി സ്വദേശി മുരുകൻ മരിക്കാനിടയായതു കൃത്യസമയത്തു ചികിൽസ നൽകുന്നതിൽ അധികൃതർക്കു വീഴ്ച പറ്റിയതിനെത്തുടർന്നാണെന്ന് ആരോഗ്യ വകുപ്പ് കണ്ടെത്തിയിരുന്നു. ഇതിനെത്തുടന്നുള്ള വിവാദങ്ങൾ കെട്ടടങ്ങും മുൻപു സമാനസംഭവം അരങ്ങേറിയതിൽ പ്രതിഷേധം വ്യാപകമാണ്.