നെടുമങ്ങാട്: എക്സൈസ് സംഘത്തെകണ്ട് ഓടുന്നതിനിടയിൽ തോട്ടിൽ വീണ് മരിച്ച രാജേന്ദ്രൻ കാണിയുടെ മൃതദേഹവുമായി നാട്ടുകാർ നെടുമങ്ങാട് എക്സൈസ് സർക്കിൾ ഓഫീസിനു മുന്നിൽ ഉപരോ ധസമരം നടത്തി.
ഇന്നലെ നെടുമങ്ങാട് തഹസീൽദാറുടെ നേതൃത്വത്തിൽ ദേഹപരിശോധന നടത്തി. രാവിലെ എട്ടുമണിയോടെ ആരംഭിച്ച പരിശോധന ഒരു മണിക്കൂർ നീണ്ടു.
പരിശോധനക്ക് ശേഷം മൃതദേഹം മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോകാൻ തുടങ്ങവെ ജനപ്രതിനിധികളുംനാട്ടുകാരും നെടുമങ്ങാട് എക്സൈസ് സർക്കിൾ ഓഫീസിനു മുന്നിൽ മൃതദേഹവുമായി പ്രതിഷേധിച്ചു.
മരിച്ചയാളുടെ കുടുംബത്തിന് ധനസഹായം ഉറപ്പാക്കണമെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരേ വകുപ്പ് തലനടപടി സ്വീകരിക്കണമെന്നും ആവശ്യമുന്നയിച്ചു.
തുടർന്ന് തഹസീൽദാർ ജില്ലാ കളക്ടറുമായി ഫോണിൽബന്ധപ്പെടുകയും നാട്ടുകാർ ഉന്നയിച്ച ആവശ്യങ്ങൾ പരിഗണിക്കാമെന്ന ഉറപ്പ് കിട്ടിയതോടെയാണ് മൃതദേഹം സ്ഥലത്ത് നിന്ന് കൊണ്ട് പോകാനുള്ള സൗകര്യം ഒരുക്കിയത്.
എക്സൈസ് സംഘം അകാരണമായി രാജേന്ദ്രൻ കാണിയുടെവീട്ടിൽ കയറി പരിശോധനടത്തുകയും തുടർന്ന് ഭീഷണിപ്പെടുത്തുകയും പേടിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ എക്സൈസ് സംഘം പിന്തുടർന്നതാണ് അപകടത്തിൽപ്പെട്ട് മരിക്കാൻ ഇടയാക്കിയതെന്നു ബന്ധുക്കൾമൊഴിനൽകി.
നെടുമങ്ങാട് ഡിവൈഎസ്പി സ്റ്റുവർട്ട് കീലർ, സിഐ യഹിയ എന്നിവർ ചേർന്നാണ്പരിശോധന നടത്തിയത് എക്സൈസ് റെയ്ഡിനിടയിൽ തോട്ടിൽവീണ് രാജേന്ദ്രൻ കാണി മരിച്ച സംഭവം അന്വേഷിക്കണമെന്ന് കെ.എസ്.ശബരീനാഥൻ എംഎൽഎ മന്ത്രിയുമായി നടത്തിയ ചർച്ചയെ തുടർന്ന് അഡീഷണൽ എക്സൈസ് കമ്മീഷണർ സാം ക്രിസ്റ്റി ഡാനിയേലിനെ അന്വേഷണ ചുമതലയേൽപ്പിച്ചു .രാജേന്ദ്രൻ കാണിയുടെ മൃതദേഹം വൈകിട്ട് മൂന്നോടെ സംസ്കരിച്ചു.