തിരുവനന്തപുരം: ദേവികുളം എംഎൽഎ എസ്.രാജേന്ദ്രനെതിരെ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. രാജേന്ദ്രനെതിരെ കേസെടുക്കാൻ സർക്കാർ തയാറാവണമെന്ന് മുല്ലപ്പള്ളി ആവശ്യപ്പെട്ടു. രാഷ്ട്രീയ ധാർമികതയില്ലാത്ത പാർട്ടിയായി സിപിഎം മാറിയെന്നും കെപിസിസി അധ്യക്ഷൻ കുറ്റപ്പെടുത്തി.
ദേവികുളം സബ് കലക്ടർ ഡോ. രേണുരാജിനെ രാജേന്ദ്രൻ അധിക്ഷേപിച്ച് സംസാരിച്ചതു വിവാദമായിരുന്നു. മൂന്നാറിലെ അനധികൃത കെട്ടിടനിർമാണം നിർത്തിവയ്ക്കാൻ നിർദേശിച്ചതിന്റെ പേരിലായിരുന്നു അധിക്ഷേപം. ഇതിൽ സിപിഎം അടക്കമുള്ള പാർട്ടികൾ എംഎൽഎയെ തള്ളിപ്പറഞ്ഞിരുന്നു.
റവന്യൂ വകുപ്പിന്റെ അനുമതിയില്ലാതെ മൂന്നാർ പഞ്ചായത്ത് കെട്ടിടനിർമാണം നടത്തിയതു നിർത്തിവയ്ക്കാൻ നിർദേശിച്ച സബ്കളക്ടറുടെ നടപടികളെ ശരിവച്ച് ഇടുക്കി ജില്ലാ കളക്ടർ കെ.ജീവൻബാബു ചീഫ് സെക്രട്ടറിക്കു റിപ്പോർട്ട് നൽകിയിട്ടുണ്ട്.