പേരൂർക്കട: അമ്പലമുക്കിൽ യുവതിയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ രാജേന്ദ്രനുമായി പോലീസ് തെളിവെടുപ്പ് തുടരുന്നു. ശനിയാഴ്ച വൈകിയാണ് പേരൂർക്കട പോലീസ് പ്രതിയെ കസ്റ്റഡിയിൽ വാങ്ങിയത്.
പോലീസ് കസ്റ്റഡിയിൽ കഴിയുന്ന രാജേന്ദ്രൻ ചുരുക്കമായി മാത്രമേ സംസാരിക്കുന്നുള്ളൂവെന്ന് പോലീസ് പറഞ്ഞു. ആദ്യമൊക്കെ ചില്ലറ മോഷണങ്ങൾ നടത്തിയെങ്കിലും പിന്നീട് സ്വന്തം വീട്ടുകാർ തന്നെ അടുപ്പിക്കാതായതോടെയാണ് വലിയ മോഷണങ്ങളിലേക്കും കൊലപാതകങ്ങളിലേക്കും തിരിഞ്ഞതെന്നാണ് പ്രതി പോലീസിനോട് പറയുന്നത്.
കൊല നടത്തിയതിന്റെ യാതൊരു ഭാവഭേദവും മുഖത്ത് കാണുന്നില്ലെങ്കിലും എപ്പോഴും മൗനിയായിട്ട് തന്നെയാണ് ഇരിക്കുന്നത്.ഏഴ് ദിവസമാണ് കസ്റ്റഡി കാലാവധി.
ഇത്രയും ദിവസങ്ങൾക്കുള്ളിൽ പ്രതിയിൽ നിന്ന് പരമാവധി കാര്യങ്ങൾ ചോദിച്ചറിയുക എന്നതാണ് പോലീസിന്റെ ലക്ഷ്യം. ഉടൻ തന്നെ രാജേന്ദ്രനെ അമ്പലമുക്കിൽ യുവതി കൊലചെയ്യപ്പെട്ട അഗ്രി ക്ലിനിക്കിൽ തെളിവെടുപ്പിനു കൊണ്ടുവരും.
പ്രതി അഗ്രി ക്ലിനിക്കിൽ എത്താനുണ്ടായ സാഹചര്യം, കടയ്ക്കുള്ളിൽ സംഭവിച്ച കാര്യങ്ങൾ, യുവതിയെ കൊലപ്പെടുത്തിയ വിധം, രക്ഷപ്പെടൽ തുടങ്ങിയ കാര്യങ്ങളെക്കുറിച്ചായിരിക്കും പോലീസ് പ്രധാനമായും ചോദിക്കുക.
വസ്ത്രങ്ങൾ ഉപേക്ഷിച്ചു എന്ന് പറയുന്ന ആലപ്പുറംകുളം, രാജേന്ദ്രൻ ജോലി ചെയ്തിരുന്ന പേരൂർക്കടയിലെ കുമാർ ടീ സ്റ്റാൾ, ഇതിനടുത്ത് ഇയാൾ താമസിച്ചുവന്ന സ്ഥലം എന്നിവിടങ്ങളിലും പ്രതിയെ തെളിവെടുപ്പിനായി കൊണ്ടുവരും.
ഭക്ഷണത്തിന്റെ കാര്യത്തിൽ രാജേന്ദ്രന് കുറവൊന്നും വരുത്തിയിട്ടില്ലെന്നും രാവിലെ പൊറോട്ടയോ ചപ്പാത്തിയോ നൽകും. ചിലപ്പോൾ ദോശയോ ഇഡലിയോ ആയിരിക്കും. ഉച്ചയ്ക്ക് കൃത്യമായ സമയത്ത് ഊണും നൽകുന്നുണ്ടെന്ന് പോലീസ് പറഞ്ഞു.