കിളിമാനൂര്‍ : കിളിമാനൂര്‍ മടവൂരില്‍ സ്റ്റുഡിയോയില്‍ കയറി യുവാവിനെ വെട്ടികൊലപ്പെടുത്തിയ സംഭവത്തിനു പിന്നില്‍ പ്രഫഷണല്‍ കൊട്ടേഷന്‍ സംഘമാണെന്ന് അന്വേഷണ സംഘം. മടവൂർ പടിഞ്ഞാറ്റേല ഐക്കരഴികം ആശാനിവാസിൽ രാജേഷി(35) നെ യാണ് മടവൂരിൽ മെട്രാസ് മീഡിയ ആൻഡ് കമ്യൂണിക്കേഷൻ എന്ന സ്ഥാപനത്തില്‍ കയറി വെട്ടി കൊലപ്പെടുത്തിയത്. പരിക്കുകളോടെ സുഹൃത്ത് കുട്ടന് ചികിത്സയിലാണ്.
ഇന്നലെ ചെന്നൈയ്ക്ക് പോകാനിരിക്കുകയായിരുന്ന രാജേഷ്. അതിന്റെ തയാറെടുപ്പുകള്‍ക്കും അതിനുമുമ്പ് സ്റ്റുഡിയോയില്‍ പൂര്‍ത്തിയാക്കേണ്ട ചിലജോലികള്‍ തീര്‍ക്കാനുമായാണ് ഗാനമേളസ്ഥലത്തുനിന്നു കുട്ടന്റെ ബൈക്കില്‍ വീട്ടിലേക്ക് പോന്നത്. വീട്ടില്‍ നിന്ന് കുട്ടനുള്ള ആഹാരവുമായി അല്‍പ്പസമയത്തിനകം രാജേഷും സ്റ്റുഡിയോയില്‍ തിരിച്ചെത്തി.
ആദ്യം കുട്ടനെവെട്ടി വിരട്ടിയോടിച്ച സംഘം രാജേഷിനെ തുരുതുരാവെട്ടി വീഴ്ത്തിയശേഷമാണ് രക്ഷപെട്ടത്. രാജേഷിന്റെ ജീവനുവേണ്ടി വെട്ടേറ്റ് രക്തം വാര്‍ന്ന കൈയുമായി രാത്രിയില്‍ റോഡിലൂടെ അലമുറയിട്ട് കുട്ടന് കിലോമീറ്ററുകളോളം ഓടിയിട്ടും രക്ഷിക്കാന്‍ ആരുമെത്തിയില്ല. തുടര്‍ന്നു നാടന്‍പാട്ട് ട്രൂപ്പിലെ ഗോപാലകൃഷ്ണന്റെ വീട്ടിലെത്തി കുട്ടന് വിവരം പറയുകയായിരുന്നു.
ക്ഷേത്രത്തിലെ പരിപാടികഴിഞ്ഞ് ഗോപാലകൃഷ്ണനും വീട്ടിലെത്തിയിട്ടെ ഉണ്ടായിരുന്നുള്ളൂ. അദ്ദേഹത്തെക്കൂട്ടി കുട്ടന് മടവൂരിലെ സ്റ്റുഡിയോയിലെത്തിയപ്പോഴേക്കും ആരോ അറിയിച്ചതനുസരിച്ച് സ്ഥലത്ത് പോലീസെത്തിയിരുന്നു. തുടര്‍ന്നാണ് ഇരുവരെയും ആശുപത്രിയിലെത്തിച്ചത്.അപ്പോഴേയ്ക്കും രാജേഷ് മരിച്ചിരുന്നു.