തിരുവനന്തപുരം: മടവൂരിൽ മുൻ റേഡിയോ ജോക്കി രാജേഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒളിവിൽ പോയ പ്രധാന പ്രതി കായംകുളം സ്വദേശി അപ്പുണ്ണി രാജ്യം വിട്ടില്ലെന്ന് പോലീസ്. തമിഴ്നാട്ടിൽ രഹസ്യ കേന്ദ്രത്തിലുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ അപ്പുണ്ണിക്ക് വേണ്ടി പോലീസ് സംഘം തമിഴ്നാട് കേന്ദ്രീകരിച്ച് അന്വേഷണം ഉൗർജിതമാക്കി.
മൊബൈൽ ഫോണ് ഒഴിവാക്കി അപ്പുണ്ണി ഒളിസങ്കേതം മാറികൊണ്ടിരിക്കുന്നതാണ് പ്രതിയെ പിടികുടാൻ ദുഷ്കരമായിരിക്കുന്നതെന്നാണ് പോലീസ് വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം. അപ്പുണ്ണിയുൾപ്പെട്ട പ്രതികളുമായി പരിചയമുള്ള കായംകുളം സ്വദേശികളായ മൂന്ന് യുവാക്കൾ പോലീസ് കസ്റ്റഡിയിലുണ്ട്. ഇവർ സംശയാസ്പദമായ രീതിയിൽ ട്രാൻസാക്ഷൻ നടത്തിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മൂവരെയും പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ വിശദമായി പോലീസ് ചോദ്യം ചെയ്ത് വരികയാണ്.
കേസിലെ പ്രധാന പ്രതിയെന്ന് പോലീസ് സംശയിക്കുന്ന അലിഭായി കൃത്യത്തിന് ശേഷം ഖത്തറിലേക്ക് മടങ്ങിയിരുന്നു. കൊലപാതകത്തിൽ പങ്കാളികളായ നാട്ടിലുള്ള മറ്റ് മൂന്ന് പ്രതികളെ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തുന്നത്. മൂന്ന് പ്രതികളും ഒളിവിലാണ്. ഇതിൽ പ്രധാനിയാണ് അപ്പുണ്ണിയെന്നാണ് പോലീസിന് ലഭിച്ച വിവരം. അലിഭായിയെ പിടികൂടാൻ പോലീസ് ഇന്റർപോളിന്റെ സഹായം തേടിയിട്ടുണ്ട്.
അപ്പുണ്ണി രാജ്യം വിട്ട് പോകാതിരിക്കാനായി വിമാനത്താവളങ്ങളിൽ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. രാജേഷിനെ കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകിയത് ഖത്തറിലുള്ള വ്യവസായി സത്താറാണെന്ന ഉറച്ച വിശ്വാസത്തിലാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്. എന്നാൽ സത്താറിനെയും പ്രതികളെയും തമ്മിൽ ബന്ധിപ്പിക്കുന്നതിനുള്ള തെളിവുകൾ ലഭിക്കാത്തത് അന്വേഷണത്തെ ബാധിച്ചിട്ടുണ്ട്. സത്താറിന്റെ കുടുംബജീവിതം തകർത്തതിലുള്ള പകയാണ് രാജേഷിനെ കൊലപ്പെടുത്താൻ കാരണമെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരങ്ങൾ.
ഓച്ചിറ സ്വദേശിയായ സത്താർ വർഷങ്ങളായി ഖത്തറിൽ ബിസിനസ്സ് നടത്തി വരികയായിരുന്നു. അവിടെ വച്ച് നൃത്ത അധ്യാപികയായ ക്രിസ്ത്യൻ മതവിഭാഗത്തിൽപ്പെട്ട യുവതിയുമായി സത്താർ പ്രണയത്തിലാകുകയും യുവതിയെ മതംമാറ്റി വിവാഹം കഴിച്ച് ജീവിയ്ക്കുകയുമായിരുന്നു. ഒരു വർഷം മുൻപ് ഖത്തറിൽ ജോലിക്ക് പോയ രാജേഷ് സത്താറിന്റെ ഭാര്യയുമായി പ്രണയത്തിലായി. രാജേഷിനെ പലതവണ ഈ ബന്ധത്തിൽ നിന്നും പിൻമാറണമെന്ന് സത്താർ ഭീഷണിപ്പെടുത്തിയിരുന്നു.
ഒടുവിൽ പോലീസ് കേസായതോടെ രാജേഷിനെ ഖത്തറിൽ നിന്നും നാട്ടിലേക്ക് വിസ ക്യാൻസൽ ആക്കി പറഞ്ഞ് വിടുകയായിരുന്നു. ഭാര്യക്ക് രാജേഷുമായുള്ള ബന്ധം സത്താറിന്റെ കുടുംബ ജീവിതത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ഒടുവിൽ യുവതി സത്താറിൽ നിന്നും വിവാഹമോചനം നേടുകയും ചെയ്തു. രാജേഷുമായി യുവതി പിന്നെയും ബന്ധം തുടരുകയും നാട്ടിൽ രാജേഷിന് റിക്കാർഡിംഗ് സ്റ്റുഡിയോ തുടങ്ങാനും മറ്റുമായി യുവതി സാന്പത്തിക സഹായം ചെയ്ത് വന്നിരുന്നു.
തന്റെ അധ്വാനഫലമായുണ്ടാക്കിയ പണം രാജേഷിന് നൽകുന്നതിൽ സത്താറിന് രോഷം ഉണ്ടായിരുന്നു. കൂടാതെ രാജേഷിന് ചെന്നൈയിൽ യുവതി ജോലി തരപ്പെടുത്തി കൊടുത്തതും സത്താർ അറിയാനിടയായി. ചെന്നൈയിലെത്തി രാജേഷുമായി ഒരുമിച്ച് കഴിയാൻ യുവതിക്ക് പദ്ധതിയുണ്ടെന്ന സംശയവും സത്താറിന് രാജേഷിനോടുള്ള പക വർധിക്കാൻ ഇടയാക്കിയിരുന്നുവെന്നാണ് പോലീസിന് ലഭിച്ച വിവരം.
വിദേശത്തുള്ള യുവതിയിൽ നിന്നാണ് പല സുപ്രധാന വിവരങ്ങളും പോലീസുമായി ഫോണിലൂടെ പങ്ക് വച്ചത്. ഇതിന്റെ ചുവട് പിടിച്ചാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. വളരെ തന്ത്രപരമായാണ് പ്രതികൾ കൊലപാതകം നടത്തിയതെന്നാണ് പോലീസ് പറയുന്നത്. വാടകക്ക് എടുത്ത കാർ മൂന്ന് പേരിൽ നിന്നും മാറി മാറി വാങ്ങിയാണ് പ്രതികൾ കാർ ഉപയോഗിച്ചത്. വ്യാജ നന്പർ പ്ലേറ്റ് പതിച്ചായിരുന്നു കൊലപാതക സംഘം മടവൂരിൽ എത്തിയത്.