പത്തനാപുരം:യുവാവിനെ അയൽവാസിയുടെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.ആവണീശ്വരം കാവൽപ്പുര ചരുവിളവീട്ടിൽ പുരുഷോത്തമൻ-രാധാമണി ദമ്പതികളുടെ മകൻ രാജേഷ്(39) എന്ന സായിപ്പിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഓട്ടോറിക്ഷാ തൊഴിലാളിയാണ് മരണപ്പെട്ട രാജേഷ്. കാവൽപ്പുര പ്ലാമൂടിന് ജംഗ്ഷന് സമീപമുളള റെയിൽവേ ട്രാക്കിനോട് ചേർന്നുള്ള വീടിന്റെ കിണറ്റിൽ കഴിഞ്ഞദിവസം രാത്രിയിലാണ് മൃതദേഹം കണ്ടത്. എട്ടിന് രാവിലെ ഓട്ടോറിക്ഷയുമായി ജോലിക്കിറങ്ങിയിരുന്നതായും മരണത്തിൽ ദുരൂഹതയുണ്ടന്നും ബന്ധുക്കൾ പറഞ്ഞു.
വീട്ടുടമയായ യുവാവാണ് മൃതദേഹം കണ്ടത്. രാജേഷിന്റെ ഓട്ടോറിക്ഷ വീടിന് സമീപം പാർക്ക് ചെയ്ത നിലയിലായിരുന്നു.തൊടിവാർത്തിറക്കിയ ചെറിയ കിണറ്റിലാണ് മൃതദേഹം കണ്ടത്. രാജേഷ് ധരിച്ചിരുന്ന നാല് പവന്റെ സ്വർണ്ണ മാലയും ഒരു മൊബൈലും മൃതദേഹത്തിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. മറ്റൊരു ഫോൺ നഷ്ടപ്പെട്ടിട്ടുണ്ട്.
ആവണീശ്വരത്ത് നിന്നും അഗ്നിശമന സേന എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. കുന്നിക്കോട് പോലീസിന്റെ നേതൃത്വത്തിൽ ശാസ്ത്രീയ പരിശോധന വിഭാഗം സ്ഥലത്ത് പരിശോധന നടത്തി. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകിയ മൃതദേഹം വീട്ടുവളപ്പിൽ സംസ്കാരിച്ചു. സജീവ്, രാജീവ് എന്നിവർ സഹോദരങ്ങളാണ്.