റാന്നി: പെരുനാട് പുതുക്കടയ്ക്കു സമീപം പൊട്ടൻമൂഴിയിൽ കക്കാട്ടാറ്റിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ രാജേഷിനെ ഭാര്യ തിരിച്ചറിയാത്തതിൽ പോലീസിന് അദ്ഭുതം. കഴിഞ്ഞ ചൊവ്വാഴ്ചയാണ് രാജേഷിന്റെ മൃതദേഹം കക്കാട്ടാറിന്റെ തീരത്ത് കണ്ടെത്തിയത്. എന്നാൽ രാജേഷിന്റെ ഭാര്യ സുനിജ മൃതദേഹം കണ്ട് രാജേഷ് അല്ലെന്ന് പറഞ്ഞ് തിരിച്ചു പോകുകയായിരുന്നു.
പിന്നീട് നാട്ടുകാർക്ക സംശയം തോന്നിയതിനെത്തുടർന്ന് രാജേഷിന്റെ ബന്ധുക്കൾ എത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. രാജേഷിന്റെ മരണത്തിൽ ഭാര്യ സുനിജയ്ക്ക് പങ്കുണ്ടോയെന്ന് പോലീസ് അന്വേഷിച്ച് വരുന്നു. രാജേഷി (29)ന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രാജേഷിന്റെ ഭാര്യ സുനിജയുടെ ബന്ധുവായ തണ്ണിത്തോട് പുത്തൻപുരയിൽ റബീഷിനെ ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
റബീഷിനെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുത്തു. മല്ലപ്പള്ളി സ്വദേശിയായ രാജേഷ് ഒന്നര വർഷമായി തണ്ണിത്തോട്ടിൽ വെൽഡിംഗ് വർക്ക്ഷോപ്പിൽ അവിടെ കുടുംബത്തോടൊപ്പം താമസിച്ച് പണിയായിരുന്നു. ഭാര്യയുടെ ബന്ധുവായ റബീഷുമായി രാജേഷ് സുഹൃദ്ബന്ധത്തിലുമായിരുന്നു. ചൊവ്വാഴ്ച ചിറ്റാറിലെത്തിയ ഇരുവരും ചേർന്ന് മദ്യം വാങ്ങി പുതുക്കടയിലുള്ള വിജനമായ സ്ഥലത്ത് എത്തി. നേരത്തെയും ഇരുവരും ഈ സ്ഥലത്ത് മദ്യപിക്കാനും മീൻ പിടിക്കാനും എത്തിയിട്ടുണ്ട്.
എന്നാൽ ഇക്കുറി രാജേഷിനെ അപായപ്പെടുത്താൻ കരുതിക്കൂട്ടിയുള്ള വരവായിരുന്നു റബീഷിന്റേതെന്നു പോലീസ് പറയുന്നു. മദ്യപിച്ച് ലക്കുകെട്ട സമയത്ത് വെള്ളത്തിലേക്ക് രാജേഷിനെ തള്ളിയിടുകയായിരുന്നെന്ന് പോലീസിനോട് റബീഷ് പറഞ്ഞു. തിരികെ ചിറ്റാർ വഴി രാജേഷിന്റെ ഭാര്യ സുനിജയുടെ അടുത്ത് എത്തിയ ശേഷമാണ് റബീഷ് മടങ്ങിയത്. റാന്നി സിഐ ന്യൂമാൻ, എസ്ഐ ജിബു ജോൺ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.