അടുത്തകാലത്ത് പുറത്തിറങ്ങിയ മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തോളം പ്രേക്ഷകപ്രീതി നേടിയ ചിത്രം അടുത്തെങ്ങും മലയാള സിനിമയില്‍ ഉണ്ടായിട്ടില്ലെന്ന് തന്നെ പറയേണ്ടി വരും. കാരണം, അത്രയ്ക്ക് ബ്രില്ല്യന്റായിരുന്നു ആ സിനിമയിലെ ഓരോ സീനുകളും. അതായത്, പോത്തേട്ടന്‍സ് ബ്രില്ല്യന്‍സ്. ഒരു സീനില്‍ മാത്രം അഭിനയിച്ചിട്ടുള്ളവര്‍ പോലും ഇന്നും സിനിമ കണ്ടവരുടെ മനസില്‍ പതിഞ്ഞിട്ടുണ്ട് എന്നതാണ് അതിന്റെ പ്രത്യേകത.
അക്കൂട്ടത്തില്‍ ഒരാളാണ് രാജേഷ് മാധവന്‍. അങ്ങനെ പറഞ്ഞാല്‍ പലരും അറിയണമെന്നില്ല. മഹേഷിന്റെ പ്രതികാരത്തില്‍ ദേശീയഗാന സീനില്‍ അഭിനയിച്ച് ട്രോളന്മാരുടെ ഇഷ്ടക്കാരനായി മാറിയ വ്യക്തി. ഒരൊറ്റ സീനിലൂടെ പ്രശസ്തനായതിനെക്കുറിച്ച് രാജേഷ് ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നതിങ്ങനെ…
അത് പോത്തേട്ടന്റെ ബ്രില്ല്യന്‍സ് ആണ്. ഞാന്‍ ആ സീനില്‍ അഭിനയിക്കുക മാത്രമേ ചെയ്തിട്ടുള്ളു. യഥാര്‍ത്ഥത്തില്‍ സോണിയയോട് ഡിങ്കോള്‍ഫിയുണ്ടായിരുന്നത് എനിക്കായിരുന്നു. നീയും സോണിയയും തമ്മില്‍ എന്നാ ഡിങ്കോള്‍ഫിയാടാ എന്ന് ക്രിസ്പിനോട് ചോദിക്കുന്നതിന് പകരം ബേബിച്ചേട്ടന്‍ എന്നോടായിരുന്നു ചോദിക്കേണ്ടിയിരുന്നത്. ആ നെല്ലിക്ക സീനില്‍ സോണിയയോട് സംസാരിച്ചുവരുമ്പോഴാണ് എന്റെ സൈക്കിള്‍ കൈയീന്ന് പോകുന്നത്.
ആദ്യം സിനിമ കണ്ടവര്‍ക്കൊന്നും അത് സോണിയ ആണെന്ന് അറിയില്ലായിരുന്നു. പിന്നീട് മഹേഷിന്റെ ഓരോ മുക്കും മൂലയും അരിച്ചുപെറുക്കി പോത്തേട്ടന്‍സ് ബ്രില്ല്യന്‍സ് അന്വേഷിച്ചവരാണ് അത് സോണിയ ആയിരുന്നുവെന്ന് കണ്ടുപിടിച്ചത്. പിന്നെ ബേബിച്ചേട്ടന്റെ അളിയനായ നെല്ലിക്കക്കാരനെ ഞാന്‍ പറ്റിച്ചുവെന്നൊന്നും പറയാന്‍ പറ്റില്ല. ദേശീയഗാനം കേള്‍ക്കുമ്പോള്‍ എല്ലാവരും അറ്റന്‍ഷനായി നില്‍ക്കണമല്ലോ. അത് നമ്മുടെ രാജ്യത്തോടുള്ള സ്നേഹമല്ലേ.