കോട്ടയം: മോഷ്ടാവായി ചിത്രീകരിച്ച് കസ്റ്റഡിയിലെടുത്ത യുവാവ് ജാമ്യത്തിലിറങ്ങി ആത്മഹത്യ ചെയ്ത സംഭവത്തിൽ മേലുകാവ് സ്റ്റേഷനിലെ ബന്ധപ്പെട്ട പോലീസുകാർ കുടുങ്ങും. പാലാ കടനാട് വല്ല്യാത്ത് പനച്ചിക്കാലായിൽ രാജേഷ് (30) ആണ് കഴിഞ്ഞ മാർച്ച് ആറിന് ആത്മഹത്യ ചെയ്തത്. വീട്ടമ്മയുടെ മാല മോഷ്ടിച്ചെന്ന പരാതിയിലാണ് മേലുകാവ് പോലീസ് രാജേഷിനെ കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്ത ശേഷം ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു.
പോലീസ് കൂടുതൽ കേസിൽ ഉൾപ്പെടുത്തുമെന്നും വീട്ടമ്മയുടെ മാല മോഷ്ടിച്ച കേസിൽ നിരപരധായിണെന്നുമുള്ള വാട്സ് ആപ്പ് സന്ദേശം കൂട്ടുകാർക്ക് അയച്ച ശേഷം രാജേഷ് ആത്മഹത്യ ചെയ്യുകയായിരുന്നു. രാജേഷന്റെ മരണത്തിന് ഉത്തരവാദി പോലീസാണെന്ന് ആരോപിച്ച് വീട്ടുകാർ നല്കിയ പരാതിയെ തുടർന്ന് കോട്ടയം ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരികയാണ്.
ഇതിനിടെ ഡിജിപി നിയോഗിച്ച പ്രത്യേക സംഘം സംഭവത്തെക്കുറിച്ച് നടത്തിയ അന്വേഷണത്തിൽ മേലുകാവ് പോലീസിന്റെ നടപടിയിൽ വീഴ്ച സംഭവിച്ചതായി കണ്ടെത്തി. ഡിജിപിയുടെ നിർദേശത്തെ തുടർന്ന് എറണാകുളം ഡിഐജി കെ.മഹേഷ്കുമാർ കഴിഞ്ഞ ദിവസം മേലുകാവിലെ മുൻ എസ്ഐ കെ.ടി.സന്ദീപിനെ സസ്പെൻഡു ചെയ്തിരുന്നു. സന്ദീപ് കുമരകം എസ്ഐ ആയിരിക്കെ എറണാകുളം റൂറലിലേക്ക് സ്ഥലം മാറ്റിയ സമയത്താണ് സസ്പെൻഷൻ.
മേലുകാവിൽ അന്നുണ്ടായിരുന്ന നാല് പോലീസുകാർക്കെതിരേ വകുപ്പുതല അന്വേഷണം ആരംഭിച്ചു. നാർക്കോട്ടിക് സെൽ ഡിവൈഎസ്പി വിനോദ്പിള്ളയുടെ നേതൃത്വത്തിലാണ് വകുപ്പു തല അന്വേഷണം നടക്കുന്നത്. അന്വേഷണ റിപ്പോർട്ട് രണ്ടാഴ്ചക്കുള്ളിൽ നല്കുമെന്നാണ് അറിയുന്നത്.
റിപ്പോർട്ട് എതിരായാൽ പോലീസുകാർക്കെതിരേയും നടപടിയുണ്ടാവും. ആത്മഹത്യ ചെയ്ത രാജേഷിന്റെ മാതാപിതാക്കളുടെ പരാതിയിൽ ക്രൈംബ്രാഞ്ച് കേസെടുത്ത് അന്വേഷണം തുടരുകയാണ്. കോട്ടയം ക്രൈംബ്രാഞ്ച് എസ്പി സാബു മാത്യുവിന്റെ നേതൃത്വത്തിലുള്ള ടീം ആണ് കേസ് അന്വേഷിക്കുന്നത്.