കാട്ടാക്കട : നെട്ടുകാൽത്തേരി തുറന്ന ജയിലിൽ നിന്നും ചാടിയ ആര്യ കൊലക്കേസ് പ്രതി രാജേഷ് പിടിയിൽ.
വട്ടപ്പാറ വേറ്റിനാട് സ്വദേശിനി ആര്യ എന്ന 10-ാംക്ലാസ് വിദ്യാർഥിനിയെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിൽ ഇരട്ട ജീവപര്യന്തം അനുഭവിച്ചുകൊണ്ടിരിക്കെ നെട്ടുകാൽത്തേരി തുറന്ന ജയിലിൽ നിന്ന് രക്ഷപ്പെട്ട പ്രതി രാജേഷാണ് ഉഡുപ്പി പോലീസിന്റെ പിടിയിലായത്.
കർണാടകയിൽ കൊല്ലൂരിനടുത്തുള്ള മുദൂരിൽ നിന്നാണ് ഇയാളെ കഴിഞ്ഞ ദിവസം പോലീസ് പിടികൂടിയത്. നെയ്യാർ ഡാം പോലീസ് ഉടുപ്പിയിലെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. ഇന്ന് തലസ്ഥാനത്ത് എത്തിക്കും.
ഉഡുപ്പിയിൽ പല പേരുകളിൽ
പൂജപ്പുര സെൻട്രൽ ജയിലിൽ നിന്ന് ജോലിക്കായി നെട്ടുകാൽത്തേരിയിലെത്തിച്ച പ്രതി 2020 ഡിസംബറിലാണ് ശ്രീനിവാസനെന്ന മറ്റൊരു പ്രതിക്കാെപ്പം തടവുചാടിയത്.
ശ്രീനിവാസനെ ദിവസങ്ങൾക്കുള്ളിൽ പോലീസ് പിടികൂടിയെങ്കിലും രാജേഷിനെ പിടികൂടാനായില്ല. ഇയാൾ ഉഡുപ്പിയിൽ പല പേരുകളിൽ വിവിധ ജോലികൾ ചെയ്ത് ഒളിവിൽ കഴിയുകയായിരുന്നു.
ഒന്നര വർഷം മുമ്പായിരുന്നു രാജേഷ് മുദൂർ എന്ന ഗ്രാമത്തിൽ എത്തുന്നത്. ഇവിടെ ടാപ്പിംഗ് തൊഴിലാളിയായി കഴിയുകയായിരുന്നു.
ഇയാളെപ്പറ്റിയുള്ള വാർത്ത കണ്ട് ഒപ്പം ജോലിചെയ്യുന്ന മലയാളികൾ പോലീസിനെ അറിയിക്കുകയായിരുന്നു.
വേഷംമാറി കർണാടക പോലീസ്
തുടർന്ന് സ്ഥലക്കച്ചവടക്കാർ എന്ന രീതിയിൽ വേഷംമാറി കർണാടക പോലീസ് രാജേഷിനെ സമീപിച്ചു. തുടർന്ന് രാജേഷ് അല്ലേ എന്ന് പോലീസ് ചോദിച്ചു.
ആദ്യം ഒന്നും സമ്മതിച്ചില്ലെങ്കിലും ഒപ്പമുണ്ടായിരുന്ന മലയാളിയായ എഎസ്ഐ എം.സി. ജോസ് തനിക്ക് എല്ലാം അറിയാമെന്ന് പറഞ്ഞപ്പോൾ പ്രതി കീഴടങ്ങുകയായിരുന്നു.
തുടർന്ന് ഇയാളെ നെയ്യാർ ഡാം പോലീസിന് കൈമാറി. 2012 മാർച്ച് ആറിന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് വേറ്റിനാട്ടിൽ നാടിനെ നടുക്കിയ അരുംകൊല നടന്നത്.
വട്ടപ്പാറ വേറ്റിനാട്,ചിറക്കോത്ത് താമസിക്കുന്ന പതിനഞ്ചുകാരി കുക്കു എന്നു വിളിക്കുന്ന ആര്യയെ ഓട്ടോ ഡ്രൈവർ ആയിരുന്നു പ്രതി ക്രൂരമായി കൊലപ്പെടുത്തിയശേഷം ആഭരണങ്ങൾ കവർന്ന് രക്ഷപ്പെടുകയായിരുന്നു.
ഒരാഴ്ചയ്ക്കുള്ള പിടികൂടിയ പ്രതിയെ പിന്നീട് കോടതി വധശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു.
പിന്നീട് ഇത് ഇരട്ട ജീവപര്യന്തമാക്കി എട്ട് വർഷം ഇവിടെ വളരെ അച്ചടക്കമുള്ള തടവുകാരനായി കഴിഞ്ഞു. പിന്നീട് കോവിഡ് സമയത്ത് പല പ്രതികൾക്കും പരോൾ അനുവദിച്ചു.
ജയിലിലെ സുരക്ഷയുടെ ഭാഗമായി നെട്ടുകാൽതേരി തുറന്ന ജയിലിലേക്കു മാറ്റി. ഇതിൽ ഒരാളായിരുന്നു രാജേഷ്.ശിക്ഷ അനുഭവിച്ചു വരുന്നതിനിടയാണ് രാജേഷ് ജയിൽ ചാടിയത്.