കണ്ണൂർ: പാതിശരീരംകൊണ്ടു നേടുന്നതിൽ പാതി അനാഥർക്കായി നീക്കിവയ്ക്കുന്ന രാജേഷിന് ലോക്ക് ഡൗണിൽ മെച്ചപ്പെട്ട താമസവും ഭക്ഷണവും കിട്ടുമ്പോഴും സങ്കടം മാറുന്നില്ല.
തന്റെ ദാനധർമം മുടങ്ങിയതിലാണ് രാജേഷിന്റെ ദുഖം. കണ്ണൂർ പഴയ ബസ് സ്റ്റാൻഡിൽ അന്തിയുറങ്ങിയിരുന്ന ലോട്ടറി വില്പനക്കാരനായ രാജേഷ് ഇപ്പോൾ ടൗൺ ഹൈസ്കൂളിലെ താത്കാലിക അഭയകേന്ദ്രത്തിലാണ്. ഭക്ഷണത്തിനും മുട്ടില്ല.
അരയ്ക്കുകീഴ്പ്പോട്ട് തളർന്ന വ്യക്തിയാണ് നാൽപത്തൊന്നുകാരനായ രാജേഷ്. രണ്ടര വയസിൽ മദ്യപിച്ചെത്തിയ അച്ഛൻ എടുത്തെറിഞ്ഞതിനെത്തുടർന്നാണ് പാതിജീവൻ നഷ്ടമായത്.
പിന്നീട് സുമനസുകളുടെ സഹായത്തോടെ സ്വദേശമായ കോഴിക്കോട് കോവൂരിൽനിന്ന് പട്ടുവം സ്നേഹനികേതനിൽ എത്തി.
അവിടെതാമസിച്ച് പത്താം ക്ലാസ്വരെ പഠിച്ചു വിജയിച്ചു. തുടർന്ന് സ്വയംതൊഴിലെന്ന നിലയിൽ ലോട്ടറിവില്പന ആരംഭിച്ചു. അതിനിടെ പ്രൈവറ്റായി പ്ലസ് ടുവും പഠിച്ചു.
ജില്ലാ ആശുപത്രി പരിസരത്താണ് രാജേഷിന്റെ ലോട്ടറി വില്പന. രാവിലെ സുഹൃത്ത് തന്റെ ഓട്ടോയിൽ വീൽച്ചെയറുൾപ്പെടെ കയറ്റി ജില്ലാ ആശുപത്രി പരിസരത്തെത്തിക്കും.
വൈകുന്നേരംവരെ ലോട്ടറി വിറ്റ് പ്രതിദിനം 600 രൂപയോളം സമ്പാദിക്കും. എന്നാൽ ഇതിൽനിന്ന് 300 രൂപ തന്നെപ്പോലെ കഷ്ടപ്പെടുന്നവരെ സഹായിക്കാനാണ് രാജേഷ് മാറ്റിവച്ചിരുന്നത്.