അഞ്ചല്‍ : സൂപ്പര്‍ മാര്‍ക്കറ്റിലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ ആളൊഴിഞ്ഞ പാടത്ത് യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച കേസില്‍ പ്രതി അറസ്റ്റില്‍.
ഏരൂര്‍ നടുക്കുന്നുംപുറം രതീഷ് വിലാസത്തില്‍ വിജി എന്ന് വിളിക്കുന്ന രാജേഷ് (35) ആണ് പിടിയിലായത്. രണ്ട് മാസങ്ങള്‍ക്ക് മുമ്പാണ് സംഭവം.
അഞ്ചലിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്ന യുവതി സന്ധ്യസമയത്ത് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ പാടവരമ്പത്ത് ഇരുന്ന രാജേഷ് ബലമായി കടന്നു പിടിക്കുകയും തള്ളിയിട്ടു പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു.
യുവതിയുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തിയതോടെ ഇരുചക്രവാഹനത്തില്‍ കയറി രാജേഷ് രക്ഷപ്പെട്ടു. തുടര്‍ന്ന് ഇയാള്‍ക്കായി തെരച്ചില്‍ ആരംഭിച്ചുവെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
എന്നാല്‍ ഇയാള്‍ കോഴഞ്ചേരിയില്‍ ഒളിവില്‍ പാര്‍ക്കുന്നതായി രഹസ്യ വിവരം ലഭിച്ച പോലീസ് അവിടെയെത്തി.
ഇതറിഞ്ഞ രാജേഷ് താമസിച്ചിരുന്ന വീടിന്റെ ഓടിളക്കി രക്ഷപെടാന്‍ ശ്രമിച്ചുവെങ്കിലും പിന്തുടര്‍ന്ന പോലീസ് ബലപ്രയോഗത്തിലൂടെ പിടികൂടുകയുമായിരുന്നു.
കാപ്പ ചുമത്തപ്പെട്ടു ജയിലില്‍ കഴിഞ്ഞിട്ടുള്ള രാജേഷ് നിരവധി ക്രിമിനല്‍ കേസുകളിലും പ്രതിയാണ്.
അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ചു തെളിവെടുപ്പ് നടത്തി.കോടതിയില്‍ ഹാജരാക്കിയ രാജേഷിനെ റിമാൻഡ് ചെയ്തു.
കേസില്‍ പ്രതിയെ ഒളിവില്‍ താമസിക്കാന്‍ സഹായിച്ച നടക്കുന്നുംപുറം എ എസ് ഭവനിൽ അജികുമാർ എന്നയാളെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഏരൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എം.ജി വിനോദിന്റെ മേല്‍നോട്ടത്തില്‍ എസ് ഐ ശരലാല്‍, ഗ്രേഡ് എസ്ഐ നിസാറുദീന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ അനില്‍ കുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍ തുഷാന്ത്, അരുണ്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.