ഹോട്ടലിലെത്തുമ്പോള്‍ നൂറും ഇരുന്നൂറും ടിപ്പായി തരുമായിരുന്നു; സഹായിക്കുമെന്ന വിശ്വാസത്തിലാണ് അവരുടെ വീട്ടിലെത്തിയത്; ജിഷയുടെ അമ്മ രാജേശ്വരിയുടെ പരാതിയില്‍ അറസ്റ്റിലായ ഫൈസല്‍ പറയുന്നത്…

പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട നിയമ വിദ്യാര്‍ഥിനി ജിഷയുടെ അമ്മ രാജേശ്വരിയുടെ പരാതിയില്‍ അറസ്റ്റിലായ ഹോട്ടല്‍ തൊഴിലാളി പറയുന്ന കാര്യങ്ങള്‍ ഞെട്ടിക്കുന്നത്. ഇവര്‍ ഹോട്ടലിലെത്തുമ്പോള്‍ നൂറും ഇരുന്നൂറുമൊക്കെ ടിപ്പ് നല്‍കാറുണ്ടായിരുന്നെന്നും ഇയാള്‍ പറയുന്നു. പണം നല്‍കാന്‍ എത്തിയതാണെന്ന് അറിഞ്ഞാല്‍ അവര്‍ തന്നെ കാണാന്‍ തയ്യാറാവുമെന്ന് കരുതിയിരുന്നതായും ഇയാള്‍ പറയുന്നു. വീട്ടിലെത്തിയപ്പോള്‍ ഇവര്‍ മാന്യമായിത്തന്നെയാണ് പെരുമാറിയതെങ്കിലും തന്നെ പ്രതിയാക്കിയത് ചെയ്യാത്തകുറ്റത്തിനാണെന്നും ഇയാള്‍ ആരോപിക്കുന്നു.

വീട്ടില്‍ അതിക്രമിച്ചുകയറിയെന്ന് ആരോപിച്ചാണ് കൊല്ലപ്പെട്ട ജിഷയുടെ മാതാവ് രാജേശ്വരിയുടെ പരാതിയില്‍ ഹോട്ടല്‍ തൊഴിലാളിയായ കൊല്ലം കിളികൊല്ലൂര്‍ ബീമ മന്‍സിലില്‍ ഫൈസലി(52)നെതിരേ കേസെടുത്തത്. ഇന്നലെയാണ് പെരുമ്പാവൂര്‍ പൊലീസ് ഫൈസലിനെ കസ്റ്റഡിയില്‍ എടുത്തത്. സ്‌റ്റേഷനില്‍ നിന്നും ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍ മാത്രമാണ് ഇയാള്‍ക്കെതിരെയുള്ള കേസില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന് എസ് ഐ അറിയിച്ചു. പെരുമ്പാവൂര്‍ റോയല്‍ ഹോട്ടലിലെ ജീവനക്കാരനായിരുന്നു ഫൈസല്‍. ഈ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയതോടെയാണ് രാജേശ്വരിയെ പരിചയപ്പെടുന്നത്.

അടുത്തിടെ ജോലിക്കാര്‍ കൂടുതലാണെന്നു പറഞ്ഞ് ഇയാളെ ഹോട്ടല്‍ ഉടമ പിരിച്ചു വിട്ടിരുന്നു. മൂന്നു കുട്ടികളുടെ പിതാവായ താന്‍ സാമ്പത്തിക ഞെരുക്കത്തെത്തുടര്‍ന്നാണ് രാജേശ്വരിയുടെ കാരുണ്യം തേടി വീട്ടിലെത്തിയതെന്ന് ഫൈസല്‍ ചോദ്യം ചെയ്യലില്‍ വ്യക്തമാക്കിയതായി പെരുമ്പാവൂര്‍ എസ്‌ഐ പറഞ്ഞു. പണം വാഗ്ദാനം ചെയ്ത ശേഷം നേരില്‍ സന്ദര്‍ശനത്തിനെത്തിയെന്നും താന്‍ ഇല്ലാത്തപ്പോള്‍ വീട്ടില്‍ അതിക്രമിച്ച് കയറിയെന്നും ഇയാള്‍ തന്നെ ആക്രമിക്കാനെത്തിയതാണെന്ന് സംശയിക്കുന്നതായും ചൂണ്ടിക്കാട്ടിയായിരുന്നു രാജേശ്വരി പൊലീസിനെ സമീപിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇയാള്‍ രാജേശ്വരിയുടെ വീട്ടിലെത്തിയത്. ഇയാള്‍ വീട്ടിലെത്തിയപ്പോള്‍ മൂത്തമകള്‍ ദീപയായിരുന്നു അവിടെ ഉണ്ടായിരുന്നത്.

രാജേശ്വരി വീട്ടിലില്ലെന്ന് അറിയിച്ചപ്പോള്‍ ഫോണ്‍ നമ്പര്‍ നല്‍കാന്‍ ആവശ്യപ്പെട്ടു. ഇത് നല്‍കിയപ്പോള്‍ ഇയാള്‍ തിരികെ പോയിയെന്നുമാണ് ദീപയുടെ വിശദീകരണം. വീട്ടില്‍ നടന്ന സംഭവങ്ങള്‍ സിസി ടിവി കാമറകള്‍ പരിശോധിച്ചാല്‍ വ്യക്തമാവും. കേസിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയില്ല. തന്നോട് അയാള്‍ മാന്യമായിട്ടാണ് പെരുമാറിയതെന്നും ദീപ പറയുന്നു. വേണ്ടി വന്നാല്‍ ഇയാളെ വീണ്ടും ചോദ്യം ചെയ്യുമെന്നാണ് പോലീസ് പറയുന്നത്.

 

Related posts