മകളുടെ ഘാതകന് ഇപ്പോഴും സുഖമായി ജീവിക്കുകയാണെന്നും അവളുടെ അമ്മയായിപ്പോയതിന്റെ പേരില്‍ സമൂഹമാധ്യമങ്ങള്‍ തന്നെ ജീവിക്കാന്‍ അനുവദിക്കാതെ വേട്ടയാടുകയാണെന്നും പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ അമ്മ രാജേശ്വരി.
കേസില്‍ കുറ്റവാളിയെന്ന് കണ്ടെത്തിയ അമീറുള്‍ ഇസ്ലാമിന്റെ വധശിക്ഷ ഉടന്‍ നടപ്പാക്കണമെന്നും കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ രാജേശ്വരി പറഞ്ഞു. മകള്‍ കൊല്ലപ്പെട്ടിട്ട് ഏപ്രില്‍ 28ന് രണ്ടു വര്‍ഷമായി. എന്നാല്‍ കൊലയാളി ജയിലില്‍ സുഭിക്ഷമായി കഴിയുകയാണ്. ഇത്ര ക്രൂരമായി കൊലപാതകം ചെയ്തയാളെ സംരക്ഷിക്കുന്നത് എന്തിനാണെന്നും അവര്‍ ചോദിച്ചു.
പ്രതിയെ സംരക്ഷിക്കുന്നതു കാണുമ്പോള്‍ ഇതിനു പിന്നില്‍ മറ്റാരെങ്കിലുമുണ്ടോ എന്ന് സംശയമുണ്ട്. അങ്ങനെയുണ്ടെങ്കില്‍ അവരെയും കണ്ടെത്തണം. തൂക്കിക്കൊല്ലാമെന്ന് പറഞ്ഞതുകൊണ്ട് കാര്യമില്ല. അത് നടപ്പാക്കണം. കൊലയാളി ഇപ്പോഴും സെന്‍ട്രല്‍ ജയില്‍ ബിരിയാണിയും ചപ്പാത്തിയുമൊക്കെ തിന്ന് കഴിയുകയാണ്. അവനെ എത്രയും പെട്ടെന്ന് തൂക്കിക്കൊല്ലണമെന്നാണ് എന്റെ ആവശ്യം.
മകള്‍ മരിക്കുന്നതിന് മൂന്നാഴ്ച മുമ്പ് എന്നെയും വണ്ടിയിടിച്ച് കൊല്ലാന്‍ ശ്രമിച്ചിരുന്നു. അതിന്റെ പേരിലും കാര്യമായ നടപടി ഉണ്ടായിട്ടില്ല. സോഷ്യല്‍ മീഡിയയില്‍ തന്റെ ചിത്രങ്ങള്‍ ഉള്‍പ്പെടെ പങ്കുവെച്ച് മോശമായ പ്രചാരണങ്ങള്‍ ഉണ്ടായതിനെക്കുറിച്ചും അവര്‍ പ്രതികരിച്ചു. മൊബൈല്‍ ക്യാമറയും സോഷ്യല്‍ മീഡിയയും മൂലം പുറത്തിറങ്ങാനാകാത്ത അവസ്ഥയാണ്.
ശാരീരികപ്രശ്നങ്ങള്‍ ഉള്ളതിനാലാണ് വസ്ത്രങ്ങള്‍ പുറത്ത് അലക്കാന്‍ കൊടുക്കുന്നത്. അവിടെനിന്ന് അമ്പലത്തില്‍ പോകാന്‍ സെറ്റുടുത്തതും തല ചീകിയതുമെല്ലാം ബ്യൂട്ടി പാര്‍ലറില്‍ പോകുന്നതായി ചിത്രീകരിച്ചു. പുറത്തിറങ്ങി നിന്നാല്‍ ആളുകള്‍ മോശമായ രീതിയില്‍ മൊബൈലില്‍ ഫോട്ടോ എടുക്കുകയാണ്. രാജേശ്വരി പരാതിപ്പെട്ടു.