ലണ്ടൻ: ബുദ്ധിവൈഭവത്തിൽ സാക്ഷാൽ ആൽബർട്ട് ഐൻസ്റ്റൈനെയും സ്റ്റീഫൻ ഹോക്കിംഗിനെയുമെല്ലാം പിന്നിലാക്കിയിരിക്കുകയാണ് ഇന്ത്യക്കാരിയായ ഈ കൊച്ചു മിടുക്കി. രാജ്ഗൗരി പവാർ എന്ന പന്ത്രണ്ടുകാരിയാണ് മാഞ്ചസ്റ്ററിൽ നടന്ന മെൻസ ഐക്യു പരീക്ഷയിൽ അസാധാരണ വിജയം നേടിയത്. 162 മാർക്കാണ് ഇന്ത്യൻ വംശജയായ രാജ്ഗൗരി സ്വന്തമാക്കിയത്.
18 വയസിൽ താഴെയുള്ള വ്യക്തിക്കു നേടാൻ കഴിയുന്ന ഏറ്റവും ഉയർന്ന സ്കോറാണ് രാജ്ഗൗരി സ്വന്തമാക്കിയതെന്നു മെൻസ അധികൃതർ അറിയിച്ചു. മികച്ച സ്കോറായി 140 മാർക്ക് അധികൃതർ നിജപ്പെടുത്തിയപ്പോഴാണ് ഈ കൊച്ചുമിടുക്കി നിഷ്പ്രയാസം 162 മാർക്ക് കൈവരിച്ചത്.
20,000 പേരിൽ ഒരാൾക്കു മാത്രമേ ഇത്തരത്തിലുളള പ്രകടനം സാധ്യമാകുവെന്നും ഐൻസ്റ്റീനുൾപ്പെടെയുള്ള ജീനിയസുകൾ പോലും ഈ മികവ് പ്രകടിപ്പിച്ചിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. ഉയർന്ന മാർക്ക് നേടിയതോടെ രാജ്ഗൗരിക്ക് മെൻസ ഐക്യു സൊസൈറ്റിയിൽ അംഗത്വവും ലഭിച്ചു.
ഇംഗ്ലണ്ടിൽ സ്ഥിരതാമസമാക്കിയ ഡോ. സൂരജ്കുമാർ പവാറാണ് രാജഗൗരിയുടെ അച്ഛൻ . മകളുടെ നേട്ടത്തിൽ അഭിമാനമുണ്ടെന്നും മുന്നോട്ടുള്ള യാത്രയിൽ പിന്തുണയുമായി കൂടെയുണ്ടാകുമെന്നും സൂരജ്കുമാർ പ്രതികരിച്ചു.