തലശേരി: ഒന്നര വയസുള്ള സ്വന്തം കുഞ്ഞിനെ കടലിലെറിഞ്ഞു കൊലപ്പെടുത്തിയ കേസിലെ പ്രതി കണ്ണൂര്‍ തയ്യില്‍ കൊടുവള്ളി ഹൗസിലെ ശരണ്യ (23) സമര്‍പ്പിച്ച ജാമ്യഹർജി ജില്ലാകോടതി തള്ളി.
കാമുകനോടൊപ്പം ജീവിക്കാന്‍ മകന് റിയാനെ എടുത്തുകൊണ്ടുപോയി വീടിനു സമീപത്തെ കടലിലെറിഞ്ഞു കൊന്നുവെന്നാണ് യുവതിക്കെതിരേയുള്ള കുറ്റം.
കൊലക്കുറ്റം, ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ഉള്‍പ്പെടുത്തി ശരണ്യയ്ക്കെതിരേ അന്വേഷണസംഘം കണ്ണൂര്‍ ജുഡീഷല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഇതിനകം കുറ്റപത്രം നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ ഫെബ്രുവരി 17 ന് രാത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവം. കരിങ്കല്‍ ഭിത്തിയില്‍ തലയിടിച്ചാണ് കുഞ്ഞു മരിച്ചത്. കാമുകനൊപ്പം ജീവിക്കാന്‍ കുഞ്ഞ് തടസമാകുമെന്നതിനാലാണ് കുട്ടിയെ കൊന്നതെന്ന് സിറ്റി സിഐ പി.ആര്.സതീഷ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നുണ്ട്.
ഭര്‍ത്താവിനൊപ്പം കിടന്നുറങ്ങുകയായിരുന്ന മകനെ എടുത്തുകൊണ്ടുപോയി കടലില്‍ എറിയുകയായിരുന്നു. കേസില്‍ കൂട്ടുപ്രതിയായ കാമുകന് വലിയന്നൂര്‍ സ്വദേശി നിധിന് തലശേരി കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.